മലപ്പുറം: വനവിഭവം ശേഖരിക്കാൻ പോയ ആദിവാസി വയോധികന് കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. കരുളായി ഉൾവനത്തിലെ മുണ്ടക്കടവ് ഉന്നതിയിൽ താമസിക്കുന്ന ശങ്കരനാണ് (60) കരടിയുടെ ആക്രമണത്തിനിരയായത്.(An elderly tribal man seriously injured in bear attack in Malappuram)
വ്യാഴാഴ്ച രാവിലെ 11 മണിയോടെ വനത്തിനകത്ത് ശങ്കരൻ പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിലാണ് കരടി ആക്രമിച്ചത്. കുറ്റിക്കാട്ടിൽ നിന്ന് ശങ്കരന്റെ പിൻഭാഗത്തുകൂടി വന്ന കരടി ആദ്യം കഴുത്തിൽ പിടിക്കുകയായിരുന്നു.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ശങ്കരന്റെ രണ്ട് കൈകളിലും കരടി കടിച്ചു പരിക്കേൽപ്പിച്ചു. ശങ്കരൻ ബഹളമുണ്ടാക്കുകയും നിലവിളിക്കുകയും ചെയ്തതോടെ കരടി കാട്ടിലേക്ക് ഓടിമറഞ്ഞു.
ശങ്കരന്റെ കരച്ചിൽ കേട്ട് സമീപ ഭാഗത്ത് പച്ചമരുന്ന് ശേഖരിക്കുകയായിരുന്ന മധുവും രമേശനും ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൈകൾക്ക് ഗുരുതരമായി കടിയേറ്റ ശങ്കരനെ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.