തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വര രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും, രോഗബാധ നിയന്ത്രിക്കുന്നതിനായി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനം എങ്ങുമെത്തിയില്ല. രോഗബാധയ്ക്ക് പാരിസ്ഥിതിക മാറ്റങ്ങൾ കാരണമാകുന്നുണ്ടോ എന്നറിയാനുള്ള പഠനം നടക്കുന്നുണ്ടോ എന്നതിൽ പോലും വ്യക്തതയില്ല. രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പഠനവും ഇനിയും തുടങ്ങിയിട്ടില്ല.(Amoebic encephalitis Study gets nowhere)
കഴിഞ്ഞ വർഷം ആകെ റിപ്പോർട്ട് ചെയ്തതിനേക്കാൾ കേസുകളാണ് ഈ മാസം മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ലോകത്ത് അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം റിപ്പോർട്ട് ചെയ്തിരുന്ന രോഗം കേരളത്തിൽ ഇപ്പോൾ ദിനവും രണ്ടും മൂന്നും പേർക്ക് എന്ന കണക്കിലാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം 38 പേർക്കായിരുന്നു രോഗബാധയെങ്കിൽ, ഈ വർഷം ഇതുവരെ മാത്രം 129 പേർക്കാണ് രോഗം ബാധിച്ചത്.
രോഗികളുടെ എണ്ണം 50-ൽ താഴെയായിരുന്ന സെപ്റ്റംബർ 3-ന് ആരോഗ്യമന്ത്രി നടത്തിയ പ്രസ്താവനയിൽ 'കേസ് കൺട്രോൾ സ്റ്റഡി' നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഒന്നരമാസം കഴിഞ്ഞിട്ടും എന്തെങ്കിലും പഠനം നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ബന്ധപ്പെട്ട വകുപ്പുകൾ കൈമലർത്തുകയാണ്.
രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഡിഎച്ച്എസും (DHS), ഡിഎംഇയും (DME), ഐസിഎംആർഉം (ICMR) ചേർന്ന് നടത്താനിരുന്ന കേസ് കൺട്രോൾ സ്റ്റഡി ഇപ്പോഴും പ്രാരംഭാവസ്ഥയിലാണ്. പഠന മാതൃക മാത്രമേ ആയിട്ടുള്ളൂ, ഫീൽഡിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് തുടങ്ങിയിട്ടില്ല. ഈ പഠനം എന്ന് പൂർത്തിയാകുമെന്നും വ്യക്തമല്ല.
രോഗികളുടെ എണ്ണം ഉയരുന്നതിൽ പാരിസ്ഥിതിക മാറ്റങ്ങൾ കാരണമാകുന്നുണ്ടോ എന്ന സംശയം ശക്തമായിരുന്നു. ഈ കാര്യങ്ങൾ പഠിക്കുമെന്നായിരുന്നു ആരോഗ്യവകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. സിഇടിയിലെ എൻവയൺമെന്റൽ എഞ്ചിനീയറിംഗ് വിഭാഗവും, പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡും, ആരോഗ്യവകുപ്പും ചേർന്നുള്ള പഠനമാണ് ആലോചനയിൽ ഉണ്ടായിരുന്നത്.
എന്നാൽ, ഈ പഠനത്തെപ്പറ്റി ആർക്കും വ്യക്തമായ വിവരമില്ല. പഠനം നടക്കുന്നുണ്ടോ എന്ന് പോലും അവ്യക്തമാണ്. ഈ മാസം ഇതുവരെ മാത്രം 41 പേർക്കാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷമാകെ റിപ്പോർട്ട് ചെയ്തതിനേക്കാൾ കേസുകൾ ഒരൊറ്റ മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സ്വിമ്മിംഗ് പൂളുകൾ മുതൽ കുളവും കിണറും ടാങ്കും വരെ രോഗവാഹികളാകുന്നുണ്ട്. എന്നാൽ, മിക്ക കേസുകളിലും രോഗത്തിന്റെ ഉറവിടം അവ്യക്തമാണ്. രോഗബാധയുടെ സാഹചര്യം, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയൊന്നും കൃത്യമായി തിരിച്ചറിയാതെ എങ്ങനെയാണ് അമീബിക് മസ്തിഷ്കജ്വരത്തെ പ്രതിരോധിക്കുന്നത് എന്ന് വ്യക്തമാക്കേണ്ടത് ആരോഗ്യവകുപ്പാണ്.