

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ആലപ്പുഴ തണ്ണീർമുക്കം സ്വദേശിയായ പത്തുവയസ്സുകാരനാണ് രോഗം ബാധിച്ചത്. തണ്ണീർമുക്കം പഞ്ചായത്തിലെ 23-ാം വാർഡുകാരനായ കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.(Amoebic encephalitis confirmed again in Kerala, 10-year-old boy infected in Alappuzha)
രോഗം സ്ഥിരീകരിച്ച കുട്ടി ഉൾപ്പെടെ നാല് അംഗങ്ങളുള്ള കുടുംബം ഒരു മാസം മുമ്പാണ് വിദേശത്തുനിന്നും നാട്ടിലെത്തിയത്. ഈ കുടുംബത്തിലെ രണ്ട് കുട്ടികളിൽ ഇളയ കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത് ആലപ്പുഴ ജില്ലയിലാണ്.
2016 മാർച്ചിൽ പള്ളാത്തുരുത്തി സ്വദേശിയായ 16-കാരൻ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. 2023 ജൂലൈയിൽ പാണാവള്ളി സ്വദേശിയായ 15 വയസ്സുകാരനും രോഗം ബാധിച്ച് മരിച്ചിരുന്നു. മലിനമായ ജലത്തിൽ കാണപ്പെടുന്ന അമീബയാണ് ഈ അപൂർവ മസ്തിഷ്ക രോഗത്തിന് കാരണം.