തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ള രാഷ്ട്രത്തിന്റെ മുഴുവൻ വിശ്വാസത്തെയും ഹനിക്കുന്നതാണെന്നും കേസിൽ പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് ബിജെപി ജനപ്രതിനിധികളുടെ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'മിഷൻ 2026' പ്രഖ്യാപനവും അദ്ദേഹം ചടങ്ങിൽ നിർവ്വഹിച്ചു.
സ്വർണ്ണക്കൊള്ളയിൽ രണ്ട് മന്ത്രിമാർ ജനമനസ്സിൽ കുറ്റവാളികളാണ്. സിപിഎമ്മിനൊപ്പം കോൺഗ്രസ് നേതാക്കളും കേസിൽ പ്രതികളാണെന്ന് അമിത് ഷാ ആരോപിച്ചു.വികസനവും വിശ്വാസ സംരക്ഷണവും ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനം ഒഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.എൽഡിഎഫും യുഡിഎഫും പ്രീണന രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും ഇവരുടെ മിത്രങ്ങളാണ്. ഈ വിഭജന രാഷ്ട്രീയത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മിഷൻ 2026: ലക്ഷ്യം ബിജെപി ഭരണം
2047-ഓടെ വികസിത ഭാരതം സൃഷ്ടിക്കാനുള്ള നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിൽ വികസിത കേരളം അനിവാര്യമാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. 2024-ൽ കേരളത്തിൽ ലഭിച്ച 20 ശതമാനം വോട്ട് ഷെയർ ഉടൻ തന്നെ 30-ഉം 40-ഉം ശതമാനമായി ഉയരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസനത്തിനും സുരക്ഷയ്ക്കുമായി കേരളത്തിൽ ഒരു ബിജെപി മുഖ്യമന്ത്രിയും സർക്കാരും ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മേയർ വി.വി. രാജേഷ്, ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുത്തു.