ന്യൂഡൽഹി: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി നേടിയ ഉജ്ജ്വല വിജയം ആഘോഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുന്നു. ഈ മാസം 11-നാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് അമിത് ഷായുടെ വരവ് എന്നതും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധേയമാവുകയാണ്.
തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വിപുലമായ ജനപ്രതിനിധി സമ്മേളനത്തിൽ അദ്ദേഹം മുഖ്യാതിഥിയാകും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി അംഗങ്ങളെ അദ്ദേഹം നേരിൽ കാണുകയും അഭിനന്ദിക്കുകയും ചെയ്യും. പ്രധാനമന്ത്രിയുടെ കേരള സന്ദർശന തീയതിയും ഈ ചടങ്ങിൽ വെച്ച് അമിത് ഷാ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് പുറമെ സംസ്ഥാനത്തെ പ്രമുഖ പാർട്ടി ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുക്കും. കേരളത്തിലെ ബിജെപിയുടെ വളർച്ചയിൽ നിർണ്ണായകമായ തിരുവനന്തപുരം കോർപറേഷനിലെ വിജയം ദേശീയ തലത്തിലും വലിയ പ്രാധാന്യത്തോടെയാണ് പാർട്ടി നേതൃത്വം കാണുന്നത്. അതുകൊണ്ടുതന്നെ, അമിത് ഷായുടെ സന്ദർശനം വൻ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ബിജെപി സംസ്ഥാന ഘടകം.