
കൊച്ചി: സംസ്ഥാനത്ത് ഏറെ വിവാദങ്ങൾക്ക് വഴിവച്ച, മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ 200 കോടി ക്ലബിൽ. 200 കോടിയെന്ന കടമ്പ എമ്പുരാൻ മറികടന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു. അതേസമയം, വിവാദങ്ങളെ തുടർന്ന് എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് അടുത്ത ദിവസം തിയറ്ററിലെത്തുകയാണ്. സംഘ്പരിവാർ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് ചിത്രത്തിന്റെ റീഎഡിറ്റഡ് വേർഷൻ പുറത്ത് ഇറക്കേണ്ടി വരുന്നത്. റീഎഡിറ്റഡ് വേർഷനിൽ 17 ഇടത്താണ് വെട്ടിയതെന്നാണ് റിപ്പോർട്ട്.
പ്രധാന വില്ലന്‍റെ പേര് ‘ബജ്റംഗി’ എന്നത് ‘ബൽരാജ്’ എന്നാക്കി മാറ്റിയതായും. 18 ഇടങ്ങളിൽ പേരുമാറ്റി ഡബ്ബ് ചെയ്തതയുമാണ് റിപ്പോർട്ട്. കൂടാതെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ ഒഴിവാക്കി. ഗുജറാത്ത് കലാപത്തെ സംബന്ധിച്ച ചില ദൃശ്യങ്ങൾ ഒഴിവാക്കി. എൻ.ഐ.എ ലോഗോയും ഒഴിവാക്കി. വില്ലൻ കഥാപാത്രം കേന്ദ്ര ആഭ്യന്തരമന്ത്രിയെ വിളിക്കുന്നതായി പരാമർശിക്കുന്ന രംഗവും വെട്ടിമാറ്റിയവയിൽ പെടുന്നു.
അതേസമയം , പുതിയ പതിപ്പ് സെർവറുകളിലേക്ക് അപ്ലോഡ് ചെയ്യാൻ സമയമെടുക്കും. ഇത് തിയേറ്റർ പ്രദർശനത്തിനായി ഡൗൺലോഡ് ചെയ്യാനും സമയമെടുക്കും. തിയേറ്ററുകളിൽ തുടർച്ചയായി ഷോ നടക്കുന്നതിനാൽ ഇതിനുള്ള സാവകാശം ഉറപ്പാക്കണം. തിങ്കളാഴ്ച രാത്രിയോടെ ഇക്കാര്യങ്ങൾ പൂർത്തിയാക്കി ചൊവ്വാഴ്ച പ്രദർശനത്തിനെത്തിക്കാനാണ് നീക്കം.