തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദം കത്തിനിൽക്കുന്നതിനിടെ, തിരുവിതാംകൂർ ദേവസ്വം ബോർഡിന് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും. മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാല മുൻ വൈസ് ചാൻസലറുമായ കെ. ജയകുമാർ പ്രസിഡന്റായും മുൻ മന്ത്രി കെ. രാജു അംഗമായും സത്യപ്രതിജ്ഞ ചെയ്യും.(Amid controversy, Travancore Devaswom Board to have new governing body today)
ദേവസ്വം ബോർഡ് ആസ്ഥാനത്ത് വെച്ച് രാവിലെ 11:30-നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. രണ്ടു വർഷത്തേക്കാണ് പുതിയ ഭരണസമിതിയുടെ കാലാവധി. പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തും അംഗം എ.അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുൻ ഭരണസമിതിയുടെ യാത്രയയപ്പ് സമ്മേളനം ഒഴിവാക്കിയതും ശ്രദ്ധേയമായി.
സംസ്ഥാന ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം അഞ്ച് വർഷം കെ ജയകുമാർ മലയാളം സർവകലാശാല വൈസ് ചാൻസലറായിരുന്നു. നിലവിൽ ഐഎംജി ഡയറക്ടറായി തുടരവെയാണ് അദ്ദേഹം ദേവസ്വം ബോർഡ് പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്. കെ. രാജു മുൻ മന്ത്രിയും മുതിർന്ന രാഷ്ട്രീയ നേതാവുമാണ്.
ശബരിമലയിലെ സ്വർണം കാണാതായത് സംബന്ധിച്ച സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എൻ. വാസു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അറസ്റ്റിലാവുകയും ഗുരുതര ആരോപണങ്ങളിൽ കുരുങ്ങി നിൽക്കുകയും ചെയ്യുന്ന സമയത്താണ് പുതിയ സമിതി അധികാരമേൽക്കുന്നത്. ഈ സാഹചര്യത്തിൽ, ബോർഡിന്റെ വിശ്വാസ്യത വീണ്ടെടുക്കുക, സുതാര്യത ഉറപ്പാക്കുക, ശബരിമലയുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളിൽ തീർപ്പുണ്ടാക്കുക തുടങ്ങിയ കടുപ്പമേറിയ വെല്ലുവിളികളാണ് പുതിയ ഭരണസമിതിക്ക് മുന്നിലുള്ളത്.