
കോഴിക്കോട്: സംസ്ഥാനം അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ പിടിയിലെന്ന് റിപ്പോർട്ട്. രോഗബാധിതരായി ചികിത്സയിലുള്ള 2 പേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സജിത്ത് കുമാർ പറഞ്ഞു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേരുടെ മരണം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്കയുമാണ് മരിച്ചത്. നിലവിൽ 10 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. സാധ്യമാകുന്ന ഏറ്റവും മികച്ച ചികിത്സയാണ് രോഗികൾക്ക് നൽകി വരുന്നതെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഓമശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖിന്റെ മൂന്ന് മാസം പ്രായമായ മകൻ മരിച്ചത്. കഴിഞ്ഞ 28 ദിവസമായി കുഞ്ഞ് വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. വീട്ടിലെ കിണർ വെള്ളം ഉപയോഗിച്ചാണ് കുട്ടിയെ കുളിപ്പിച്ചതെന്ന് കുടുംബം പറഞ്ഞിരുന്നു. ഇതാകാം രോഗകാരണമായതെന്നാണ് അധികൃതർ പറയുന്നത്.
മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശിനി 52 കാരിയായ റംലയാണ് മരിച്ച മറ്റൊരാൾ. കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വീടിന് സമീപത്തെ കുളത്തിൽ നിന്നാണ് ഇവർക്ക് രോഗം പകർന്നതെന്നാണ് നിഗമനം.
സംസ്ഥാനത്തെ രോഗവ്യാപനം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഹരിത കേരളം മിഷന്റെയും സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.