
തിരുവനന്തപുരം : സംസ്ഥാനത്തെ ആംബുലന്‍സ് നിരക്കുകൾ ഏകീകരിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി(Ambulance Charges). 600 മുതല്‍ 2500 രൂപവരയാക്കിയാണ് നിരക്കുകൾ നിജപ്പെടുത്തിയിട്ടുള്ളത്. കാന്‍സര്‍ ബാധിതര്‍ക്കും, 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കും കിലോമീറ്ററിന് രണ്ട് രൂപ ഇളവ് നല്‍കണമെന്നും ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 20% ഇളവ് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
ഐ.സി.യു സപ്പോര്‍ട്ട് ഉള്ള D-ലെവല്‍ ആംബുലന്‍സിന്റെ മിനിമം ചാര്‍ജ് 20 കിലോമീറ്ററിന് 2500 രൂപയാക്കി നിശ്ചയിച്ചു. C-ലെവല്‍ ട്രാവലര്‍ ആംബുലന്‍സിന് 1500 രൂപ രൂപയാണ് ഇനി നൽകേണ്ടത്. B-ലെവല്‍ നോണ്‍ എസി ട്രാവലറിനു 1000 രൂപ നൽകണം. A-ലെവല്‍ എസി ആംബുലന്‍സുകള്‍ക്ക് 800 രൂപയും A-ലെവല്‍ നോണ്‍ എ.സി ആംബുലന്‍സുകള്‍ക്ക് 600 രൂപയും നൽകിയാൽ മതിയാകും. ഇത് സംബന്ധിച്ച നിരക്ക് വിവരങ്ങള്‍ ആംബുലന്‍സില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ആംബുലന്‍സുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നെന്ന പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിരക്കുകൾ ഏകീകരിച്ചത്.