ആമസോണിന്‍റെ പ്രൊപ്പല്‍ ഗ്ലോബല്‍ ബിസിനസ് ആക്സിലറേറ്റര്‍ സീസണ്‍ 4ലെ വിജയികളെ പ്രഖ്യാപിച്ചു; സീസണ്‍ 5ന് തുടക്കം

Amazon
Published on

കൊച്ചി: ആമസോണിന്‍റെ പ്രൊപ്പല്‍ ഗ്ലോബല്‍ ബിസിനസ് ആക്സിലറേറ്റര്‍ സീസണ്‍ 4ലെ വിജയികളെ പ്രഖ്യാപിച്ചു. ദീപക് അഗര്‍വാള്‍ സ്ഥാപിച്ച ഓറിക്, വിദുഷി വിജയ്വര്‍ഗിയ സ്ഥാപിച്ച ഐഎസ്എകെ ഫ്രാഗ്രന്‍സസ്, അന്‍ഷിത മെഹ്റോത്ര സ്ഥാപിച്ച ഫിക്സ് മൈ കേള്‍സ് എന്നി ബ്രാന്‍ഡുകളെ വിജയികളായി ആമസോണ്‍ ഇന്ത്യ പ്രഖ്യാപിച്ചു.

ഇ-കൊമേഴ്സ് കയറ്റുമതി ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിന് ഡയറക്ട് ടു കണ്‍സ്യൂമര്‍ (ഡി2സി) മേഖലയില്‍ വളര്‍ന്നുവരുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് പിന്തുണ നല്‍കുന്നതിനാണ് ഈ പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിജയികള്‍ക്ക് ആമസോണില്‍ നിന്ന് 100,000 ഡോളര്‍ ഇക്വിറ്റി ഫ്രീ ഗ്രാന്‍റ് ലഭിച്ചു.

പ്രോഗ്രാമിന്‍റെ വിജയത്തിന്‍റെ അടിസ്ഥാനത്തില്‍ ആമസോണ്‍ ഇന്ത്യ പ്രൊപ്പല്‍ സീസണ്‍ 5 ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. പ്രോഗ്രാമിനായുള്ള അപേക്ഷകള്‍ 2025 ജൂലൈ 15 വരെ സ്വീകരിക്കും. പ്രൊപ്പല്‍ സീസണ്‍ 5 മികച്ച സാധ്യതയുള്ള 100 ഡി2സി ബ്രാന്‍ഡുകളെ വരെ പിന്തുണയ്ക്കും.

ആമസോണ്‍ പ്രൊപ്പല്‍ എസ്4 വിജയികളെ അഭിനന്ദിക്കുന്നതായി ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് ഇന്ത്യാ മേധാവി ശ്രീനിധി കല്‍വപുഡി പറഞ്ഞു.

പ്രൊപ്പല്‍ പ്രോഗ്രാം തങ്ങളുടെ ആഗോള വികാസത്തിന് തികഞ്ഞ വഴികാട്ടിയായിരുന്നു. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ലോകമെമ്പാടും എത്തിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് നല്‍കിയതെന്ന് ആമസോണ്‍ പ്രൊപ്പല്‍ എസ് 4 വിജയിയും ഐഎസ്എകെ ഫ്രാഗ്രന്‍സസ് സ്ഥാപകയുമായ വിദുഷി വിജയ്വര്‍ഗിയ പറഞ്ഞു.

ആമസോണ്‍ പ്രൊപ്പല്‍ എസ് 5ന്‍റെ ഭാഗമായി ആമസോണിന്‍റെ മുന്‍നിര ഉദ്യോഗസ്ഥര്‍, വിസി പങ്കാളികള്‍, പരിചയസമ്പന്നരായ വ്യവസായ വിദഗ്ധര്‍ എന്നിവരടങ്ങുന്ന മെന്‍റര്‍ഷിപ്പ് ബോര്‍ഡ് രൂപീകരിച്ചു. വ്യക്തിഗതമാക്കിയ വിഭവങ്ങള്‍, വണ്‍-ഓണ്‍-വണ്‍ മെന്‍റര്‍ഷിപ്പ്, വിജയകരമായ ഇ-കൊമേഴ്സ് കയറ്റുമതി ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിനുള്ള ആഗോള ഡിമാന്‍ഡ് ട്രെന്‍ഡുകളും തന്ത്രങ്ങളും ഉള്‍ക്കൊള്ളുന്ന വര്‍ക്ക്ഷോപ്പുകള്‍ എന്നിവ ആമസോണ്‍ സംഘടിപ്പിക്കും.

വളര്‍ന്നുവരുന്ന ഡി2സി ബ്രാന്‍ഡുകളുമായി ഈ ബോര്‍ഡ് അടുത്ത് പ്രവര്‍ത്തിക്കും. പരിചയസമ്പന്നരായ സംരംഭകരെയും പ്രൊപ്പല്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി പിയര്‍ ലേണിംഗ് സെഷനുകള്‍ ആമസോണ്‍ സംഘടിപ്പിക്കും, പങ്കെടുക്കുന്നവര്‍ക്ക് അവരുടെ ബിസിനസ്സ് ആശയങ്ങള്‍ മുന്‍നിര വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് ഫണ്ടിംഗ് നേടാനുമുള്ള അവസരം ലഭിക്കും.

ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ബ്രാന്‍ഡുകള്‍ സൃഷ്ടിക്കാന്‍ വളര്‍ന്നുവരുന്ന കമ്പനികളെ സഹായിക്കുക എന്ന കാഴ്ചപ്പാടിലാണ് പ്രൊപ്പല്‍ ആരംഭിച്ചത്. നാല് വര്‍ഷത്തിലേറെയായി, മിനിമലിസ്റ്റ്, സിറോണ, ഷുമീ, പ്ലിക്സ്, ബട്ടര്‍ഫ്ലൈ എഡ്യൂ, കോണ്‍ഫെക്റ്റ് എന്നിവയുള്‍പ്പെടെ 120-ലധികം ഇന്ത്യന്‍ ഡി2സി ബ്രാന്‍ഡുകളുടെ ആഗോള വളര്‍ച്ചയ്ക്ക് ആമസോണ്‍ പിന്തുണ നല്‍കി. പ്രൊപ്പല്‍ എസ്5ല്‍ ഈ വര്‍ഷം ആഗോളതലത്തില്‍ ആരംഭിക്കുന്ന 100 ഇന്ത്യന്‍ ഡി2സി ബ്രാന്‍ഡുകളെ വരെ പിന്തുണയ്ക്കാന്‍ ആമസോണ്‍ ലക്ഷ്യമിടുന്നു. 2030 ഓടെ ഇന്ത്യയില്‍ നിന്ന് 80 ബില്യണ്‍ ഡോളര്‍ ഇ-കൊമേഴ്സ് കയറ്റുമതി നടത്താനുള്ള ആമസോണിന്‍റെ കാഴ്ചപ്പാടിന്‍റെ ഭാഗമായാണിത്.

Related Stories

No stories found.
Times Kerala
timeskerala.com