

മലയാള സിനിമ ലോകത്ത് ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. ഓരോ റീ റിലീസ് നടത്തുന്ന ചിത്രങ്ങളും ആഘോഷത്തോട് കൂടിയാണ് ജനങ്ങൾ വരവേൽക്കുന്നത്. അങ്ങനെ ഒരു റീ റിലീസിന് ഒരുങ്ങുകയാണ് ലോഹിതദാസിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത സിനിമയായ അമരം. നവംബര്‍ ഏഴിനാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് ‘അമരം’ എത്തുന്നത്. അക്കാലത്തെ 50 ലക്ഷത്തിന്റെ ബിഗ് ബഡ്ജറ്റ് സിനിമയായിരുന്നു അമരം. (Amaram Re- Release)
മലയാളത്തിലെ എവർഗ്രീൻ ക്ലാസിക് ചിത്രങ്ങളുടെ ഗണത്തിൽപെട്ട ഈ സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ പ്രശംസ നേടിയതാണ്. 34 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ സിനിമ വീണ്ടും ബിഗ്സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. ഈ അടുത്തിടെ നടന്ന ഒരു യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിൽ നടൻ അശോകൻ അമരം സിനിമയിലെ അനുഭവങ്ങൾ പങ്കു വച്ചു. അമരം സിനിമ അത്രയും കളക്ഷന്‍ നേടുമെന്നോ തന്റെ കഥാപാത്രത്തിന് ഇത്രയും ഇമേജ് കിട്ടുമെന്നോ കരുതിയില്ലെന്നാണ് അശോകന്‍ പറയുന്നത്. ഇപ്പോഴും സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ചിലർ കമന്റുകള്‍ പറയാറുണ്ടെന്നും, രാഘവാ.. ഒരു കൊമ്പനെ പിടിച്ചോണ്ട് വരുവോ എന്നൊക്കെ ചോദിക്കാറുണ്ടെന്നും...അദ്ദേഹം പറഞ്ഞു. ഇന്നും പല ചെറുപ്പക്കാരും മിമിക്രി ആര്‍ട്ടിസ്റ്റുകളുമൊക്കെ ഈ സംഭാഷണങ്ങള്‍ സെലിബ്രേറ്റ് ചെയുന്നത് നമ്മളെ സംബന്ധിച്ച് വലിയൊരു ബഹുമതിയാണെന്നും അശോകൻ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
അക്കാലത്ത് 50 ലക്ഷത്തിനും മുകളില്‍ ആയിരുന്നു സിനിമയുടെ ബജറ്റെന്നും നിർമാതാവ് ബാബു തിരുവല്ല പറഞ്ഞു. ‘‘കൊമ്പന്‍ സ്രാവിനെ പിടിക്കുന്ന സീനുകളെല്ലാം കടലില്‍ പോയി എടുത്തതാണ്. വേറെ ടെക്‌നിക്കുകള്‍ ഒന്നുമില്ല അക്കാലത്ത്. ലോഹിതദാസ് ഈ കഥ എഴുതാനുള്ള കാരണക്കാരൻ മമ്മൂട്ടിയാണ്. വേറെ ഒരാളായിരുന്നു പ്ലാൻ ചെയ്തിരുന്നു. പിന്നീട് അത് വേണ്ടെന്ന് വെച്ചു. അന്ന് 20 - 50 ലക്ഷം ഉണ്ടെങ്കില്‍ ബിഗ് ബജറ്റ് സിനിമയെടുക്കാം. അതിനേക്കാള്‍ ഇരട്ടിയായി അമരത്തിന്. കാരണം കടലില്‍ വെച്ചാണ് ഷൂട്ട് ചെയുന്നത്...’’ ബാബു തിരുവല്ല പറഞ്ഞു.
ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെയും പ്രകടനം അവരുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളുടെ നിരയിലും ഇടംപിടിച്ചിരുന്നു. അശോകന്റെയും മാതുവിന്റെയും പ്രണയവും ചിത്രത്തിലെ സംഭാഷണങ്ങളും ഗാനങ്ങളുമൊക്കെ പ്രേക്ഷകര്‍ ഏറ്റെടുത്തു. സിനിമയിലെ ഗാനങ്ങളെല്ലാം എവര്‍ഗ്രീന്‍ സോങ്ങ്‌സായി ഇന്നും പ്രേക്ഷകരുടെ പ്ലേ ലിസ്റ്റിലുണ്ട്.