ആലപ്പുഴ : ആഗോള അയ്യപ്പ സംഗമ വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കാറില്‍ എത്തിയതില്‍ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശന്‍. 'ഞാനെന്താ വല്ല തീണ്ടല്‍ജാതിയില്‍പ്പെട്ടവനാണോ? ഞാന്‍ മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്തതില്‍ ആര്‍ക്ക് എന്താണ് നഷ്ടം. തൊട്ടടുത്ത റൂമിലായിരുന്നു ഞങ്ങൾ താമസിച്ചത്. ഇറങ്ങിയപ്പോള്‍ കണ്ടു, ഒന്നിച്ച് പോകാമെന്ന് പറഞ്ഞു. അതില്‍ എന്തെങ്കിലും തെറ്റുണ്ടോയെന്ന് വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.
മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ സദസ്സില്‍ നിറയെ ആളായിരുന്നുന്നു.പിന്നീട് സെഷനിലേക്ക് പോയിട്ടുണ്ടാവാം. മുഖ്യമന്ത്രി ഭക്തനായി മാറിയെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ഭക്തൻ തന്നെയാണ്.അയ്യപ്പ സംഗമത്തിന് എത്തിയവർക്ക് അയ്യപ്പവിഗ്രഹം സമ്മാനിച്ചപ്പോൾ മുഖ്യമന്ത്രിയും ഹൃദയത്തോട് ചേർത്ത് പിടിച്ചാണ് സ്വീകരിച്ചത്. അദ്ദേഹത്തിന് ഇഷ്ടമില്ലെങ്കിൽ അത് അപ്പോൾ തന്നെ പറയുമായിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താനുള്ള ബൃഹത്തായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാനുള്ള കര്‍മ്മപദ്ധതിക്കായാണ് സംഗമം സംഘടിപ്പിച്ചത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സത്യവാങ്മൂലം തിരുത്തിയില്ലെങ്കിലും കാര്യങ്ങൾ തിരുത്തിയത് പോലെയാണ് നടക്കുന്നതെന്നും ഭക്തരുടെ ഹിതത്തിന് എതിരായി ഒന്നും നടത്തിയിട്ടില്ല.
ബദല്‍ അയ്യപ്പസംഗമം നല്ലതായിരുന്നു. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന് പറയാതെ, നല്ലത് ചെയ്താല്‍ നല്ലത് പറയണം. കുറഞ്ഞസമയംകൊണ്ട് അവര്‍ക്ക് വലിയ ജനപങ്കാളിത്തം ഉണ്ടാക്കാന്‍ സാധിച്ചു. ബദല്‍ അയ്യപ്പ സംഗമത്തിന് രാഷ്ട്രീയം ഉണ്ടായിരിക്കാം. അതില്‍ ആര്‍എസ്എസുകാരും ബിജെപിക്കാരും ഉണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.