പാലക്കാട്: അഗളി പഞ്ചായത്തിൽ സിപിഎം പിന്തുണയോടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗം മഞ്ജു എൻ.കെ. രാജിവച്ചു. യുഡിഎഫ് ഭരണസാധ്യത തകർത്ത് എൽഡിഎഫ് പിന്തുണയോടെ അധികാരമേറ്റത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും കോൺഗ്രസ് പ്രവർത്തകരുടെ കനത്ത പ്രതിഷേധത്തിനും വഴിവച്ച സാഹചര്യത്തിലാണ് രാജി.(Always a Congress worker, Agali panchayat president resigns)
പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിന് പിന്നാലെ താൻ ഉറച്ച കോൺഗ്രസ് പ്രവർത്തകയാണെന്ന് മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. "അന്നും ഇന്നും അടിയുറച്ച കോൺഗ്രസ് പ്രവർത്തകയാണ് ഞാൻ. നാളെയും അങ്ങനെ തന്നെയായിരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് എന്റെ പേര് നിർദ്ദേശിച്ചപ്പോൾ എൽഡിഎഫ് അംഗങ്ങൾ പിന്തുണ നൽകുക മാത്രമാണ് ചെയ്തത്. എന്നാൽ ഒരു കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ ആ പിന്തുണ സ്വീകരിക്കാൻ താല്പര്യമില്ലാത്തതിനാലാണ് രാജിവെക്കുന്നത്," - മഞ്ജു വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് വേളയിൽ പാർട്ടി വിപ്പ് നൽകിയിരുന്നില്ലെന്നായിരുന്നു മഞ്ജുവിന്റെ പ്രാഥമിക വാദം. എന്നാൽ വിപ്പ് കൈപ്പറ്റിയതിന്റെ രേഖകൾ കോൺഗ്രസ് നേതൃത്വം പുറത്തുവിട്ടതോടെ മഞ്ജു പ്രതിരോധത്തിലായി. കൂറുമാറ്റ നിരോധന നിയമപ്രകാരം മഞ്ജുവിനെ അയോഗ്യയാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ഡിസിസി നേതൃത്വം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രവർത്തകർ മഞ്ജുവിനെതിരെ ഭീഷണി മുദ്രാവാക്യങ്ങളുമായി രംഗത്തെത്തുകയും ചെയ്തു.