
കാസര്‍ഗോഡ്: ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് കാരുണ്യ കേരളം എന്ന മുദ്രാവാക്യവുമായി പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ജില്ലാ ആസ്ഥാനങ്ങളില്‍ നടത്തുന്ന കംപാഷണേറ്റ് യൂത്ത് വാക്കത്തോണ്‍ കാസര്‍ഗോഡ് നടന്നു. വിദ്യാനഗര്‍ അസാപിനു മുന്നില്‍നിന്നാരംഭിച്ച വാക്കത്തോണില്‍ സ്‌കൂളുകളില്‍നിന്നും കോളജുകളില്‍നിന്നുമായി നാനൂറില്‍പ്പരം വിദ്യാര്‍ത്ഥികള്‍ ബാനറുകളും പോസ്റ്ററുകളുമായി വാക്കത്തോണില്‍ അണിനിരന്നു.
ഉദുമ എം.എല്‍.എ സി.എച്ച്. കുഞ്ഞമ്പു വാക്കത്തോണ്‍ ഉദ്ഘാടനം ചെയ്തു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്രൈംബ്രാഞ്ച് എസ്.പി. പി.ബാലകൃഷ്ണന്‍ നായര്‍, കാസര്‍ഗോഡ് എ.എസ്.പി. നന്ദഗോപന്‍ ഐ.പി.എസ്. എന്നിവര്‍ ചേര്‍ന്ന് വാക്കത്തോണിന്റെ ഫ്‌ളാഗ് നടത്തി. ആല്‍ഫ കല്‍പ്പറ്റ സെന്റര്‍ സെക്രട്ടറി വി. ഗോപിനാഥന്‍ സ്വാഗതം പറഞ്ഞു.
വാക്കത്തോണ്‍ വിദ്യാനഗര്‍ ലയണ്‍സ് ഹാളില്‍ സമാപിച്ചതിനുശേഷം നടന്ന സമ്മേളനം കാസര്‍ഗോഡ് എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന്് ഉദ്ഘാടനം ചെയ്തു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ അധ്യക്ഷത വഹിച്ചു സംസാരിച്ചു. ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ ആമുഖപ്രഭാഷണം നടത്തി. ആല്‍ഫ കാസര്‍ഗോഡ് സെന്റര്‍ പ്രസിഡന്റ് പി.എം. മുസ്തഫ സ്വാഗതം പറഞ്ഞു. വിദ്യാനഗര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് എ. പ്രഭാകരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ആശംസകളര്‍പ്പിച്ച് ആല്‍ഫ കാസര്‍ഗോഡ് സെക്രട്ടറി പ്രൊഫ. വി. ഗോപിനാഥന്‍, കവിയും സാമൂഹ്യപ്രവര്‍ത്തകനുമായ ജില്‍ജിത്ത്, കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ശ്രീമതി ഗോപിനാഥ്, ആല്‍ഫ മെഡിക്കല്‍ ഓഫീസര്‍ ഡോ. മുസ്തഫ, സാമൂഹ്യപ്രവര്‍ത്തക സുലേഖ മാഹിന്‍, എവേക്ക് പ്രസിഡന്റ് അലീമ മൂളിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആല്‍ഫ വിഷന്‍ 2030 സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അംജിത്ത്കുമാര്‍ നന്ദി പറഞ്ഞു.