കൊല്ലം നഗരത്തിന് ആവേശമായി ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തോണ്‍

കൊല്ലം നഗരത്തിന് ആവേശമായി ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തോണ്‍
Published on

കൊല്ലം: ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ ബാന്‍ഡിനു കീഴില്‍ അണിനിരന്ന് മരണാസന്നര്‍ക്ക് അഭിമാനത്തോടെ കഴിയാവുന്ന ഇടമാക്കി സംസ്ഥാനത്തെ മാറ്റുമെന്ന പ്രതിജ്ഞ ചെയ്യുകയും ഒക്ടോബര്‍ 11 ആഗോള പാലിയേറ്റീവ് കെയര്‍ ദിനത്തിനു മുന്നോടിയായി നഗരം ചുറ്റി റാലി നടത്തുകയും ചെയ്തത് കൊല്ലം നഗരത്തിന് വേറിട്ട അനുഭവമായി. പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്റെയും സ്റ്റുഡന്റ്സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറിന്റെയും നേതൃത്വത്തില്‍ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടന്ന കംപാഷണേറ്റ് യൂത്ത് വാക്കത്തോണ്‍ ആണ് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തംകൊണ്ടും ആശയങ്ങള്‍കൊണ്ടും വ്യത്യസ്തമായത്. തിരുവനന്തപുരത്ത് ഒക്ടോബര്‍ 3ന് ആരംഭിച്ച വാക്കത്തോണ്‍ ആല്‍ഫ പാലിയേറ്റീവ് കെയറി്ന്റെ സേവനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒമ്പതു ജില്ലാ കേന്ദ്രങ്ങളിലെ വാക്കത്തോണുകള്‍ക്കു ശേഷം ഒക്ടോബര്‍ 15ന് തൃശൂരില്‍ സമാപിക്കും.

ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ കൊല്ലം ജില്ലയിലെ സെന്ററുകളായ കൊല്ലം, പുനലൂര്‍ സെന്ററുകളുടെ നേതൃത്വത്തിലായിരുന്നു ജില്ലയില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചത്. ചിന്നക്കട പുളിമൂട്ടില്‍ ജംഷനില്‍ കൊട്ടിയം ഡോണ്‍ബോസ്‌കോ കോളജിലെ വിദ്യാര്‍ത്ഥിനികളുടെ ഫ്ളാഫ് മോബോടെയായിരുന്നു വാക്കത്തോണിന്റെ പരിപാടികള്‍ക്ക് തുടക്കമായത്. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്റെ അധ്യക്ഷതയില്‍ നടന്ന വാക്കത്തോണിന്റെ ഫ്ളാഗ് ഓഫ് ടി.കെ.എം. എന്‍ജിനിയറിംഗ് കോളജ് ട്രസ്റ്റി ഹാറൂണ്‍ മുസല്യാര്‍ നിര്‍വഹിച്ചു. മുഖ്യാതിഥി യൂനുസ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ചെയര്‍മാന്‍ നൗഷാദ് യൂനുസ് മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് ആല്‍ഫ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വാക്കത്തോണ്‍ നഗരം ചുറ്റി ആശ്രാമം ജെജീസ് ക്യു കഫേയില്‍ സമാപിച്ചതിനുശേഷം നടന്ന സമ്മേളനം ഗാന്ധിഭവന്‍ ഡയറക്ടര്‍ സോമരാജന്‍ ഉദ്ഘാടനം ചെയ്തു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ അധ്യക്ഷത വഹിച്ചു. കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ ആമുഖപ്രഭാഷണം നടത്തി. വിവിധ റോട്ടറി ക്ലബ്ബ് ഭാരവാഹികളായ കിഷോര്‍ കുമാര്‍, സലിം നാരായണന്‍, ശുഭ സനല്‍, ബെഞ്ചമിന്‍, ആര്‍.പി.ബാങ്കേഴ്സ് ഉടമ പ്രകാശന്‍ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. ആല്‍ഫ കൊല്ലം സെന്റര്‍ പ്രസിഡന്റ് അഡ്വ. സന്തോഷ് തങ്ങള്‍ സ്വാഗതവും ആല്‍ഫ പുനലൂര്‍ സെന്റര്‍ പ്രസിഡന്റ് അനില്‍കുമാര്‍ വികാസ് നന്ദിയും പറഞ്ഞു. ആല്‍ഫ കൊല്ലം സെക്രട്ടറിയും പ്രോഗ്രാം കണ്‍വീനറുമായ ബിന്ദു സാജന്‍, ട്രഷറര്‍ ശ്രീദേവി, പുനലൂര്‍ സെന്റര്‍ രക്ഷാധികാരി ജോണ്‍ തോമസ്, സെക്രട്ടറി സലിംകുട്ടി, ട്രഷറര്‍ ആര്‍. ഗീത തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com