
തിരുവനന്തപുരം: പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്റെയും സ്റ്റുഡന്റ്സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറിന്റെയും നേതൃത്വത്തില്‍ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഒക്ടോബര്‍ 11ലെ ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിനു മുന്നോടിയായി നടത്തുന്ന കംപാഷണേറ്റ് യൂത്ത് വാക്കത്തോണിന് തിരുവനന്തപുരത്ത് തുടക്കമായി.. ഒരുലക്ഷം വിദ്യാര്‍ത്ഥികളെ പാലിയേറ്റീവ് കെയര്‍ പരിശീലനം നല്‍കി മാറാരോഗങ്ങള്‍ ബാധിച്ചവരെയും ചലനശേഷി പരിമിതപ്പെട്ടവരെയും വാര്‍ധക്യത്തിലെത്തിയവരെയും പരിചരിക്കുന്നവരും പരിഗണിക്കുന്നവരുമായ സമൂഹമാക്കി മാറ്റുകയെന്നതാണ് കംപാഷണേറ്റ് യൂത്ത് ഇനീഷ്യേറ്റീവ് ലക്ഷ്യമിടുന്നതെന്ന് വാക്കത്തോണ്‍ ഫ്‌ളാഗ്ഓഫ് ചെയ്ത് ആല്‍ഫാ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ എം നൂര്‍ദീന്‍ പറഞ്ഞു. വിവിധ ജില്ലാ ആസ്ഥാനങ്ങളിലെ വാക്കത്തോണുകള്‍ക്ക് ശേഷം ഒക്ടോബര്‍ 15ന് തൃശൂരില്‍ വാക്കത്തോണ്‍ സമാപിക്കും. വിവിധ വിദ്യാലയങ്ങളെയും സന്നദ്ധ സംഘടനകളെയും പ്രതിനിധീകരിച്ച് ദിനാചരണ സന്ദേശം നല്‍കുന്ന ബാനറുകള്‍ക്കു കീഴില്‍ പ്ലക്കാര്‍ഡുകളേന്തി അറുന്നൂറിലേറെ വിദ്യാര്‍ത്ഥികള്‍ വാക്കത്തോണില്‍ പങ്കെടുത്തു.
വാക്കത്തോണ്‍ നന്ദാവനം എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍ ഓഡിറ്റോറിയത്തില്‍ സമാപിച്ചതിനുശേഷം ആല്‍ഫ പാലിയേറ്റീവ് കെയര്‍ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്റെ അധ്യക്ഷതയില്‍ നടന്ന സെമിനാറില്‍ കെ.എം. നൂര്‍ദീന്‍ കംപാഷണേറ്റ് യൂത്ത് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ എന്ന വിഷയം അവതരിപ്പിച്ചു. പാലിയം ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജി.എസ്. മനോജ് മുഖ്യപ്രഭാഷണം നടത്തി. ആല്‍ഫ വിഷന്‍ 2030 സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അംജിത്ത്കുമാര്‍ സ്വാഗതം പറഞ്ഞ സെമിനാറില്‍ ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് ഓര്‍ഗനൈസേഷന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. രേവതി ജെ. രാജന്‍, ആല്‍ഫ നെടുമങ്ങാട് സെന്റര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഷൈജിത ഷൈലജ്, ല്ഫ്റ്റനന്റ് കേണല്‍ ലീലാമ്മ, നെടുമങ്ങാട് ദര്‍ശന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക വി.എസ്. ഉമാദേവി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ആല്‍ഫ നെടുമങ്ങാട് സെന്ററിന്റെ പ്രവര്‍ത്തകരെ കൂടാതെ പാലിയം ഇന്ത്യ, ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് ഓര്‍ഗനൈസേഷന്‍, സൊലേസ് തുടങ്ങിയ സന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ചും 11 വിദ്യാലയങ്ങളെ പ്രതിനിധീകരിച്ചും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയെ പ്രതിനിധീകരിച്ചും വിദ്യാര്‍ത്ഥികളും അധ്യാപകരും അംഗങ്ങളുമാണ് വാക്കത്തോണില്‍ പങ്കെടുത്തത്.
അടുത്ത വാക്കത്തോണ്‍ കൊല്ലത്ത് ഒക്ടോബര്‍ 6 തിങ്കളാഴ്ച നടക്കും.