

തൃശൂര്‍: പ്രവര്‍ത്തനം തുടങ്ങി അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നതിനുമുമ്പ് ഒരു ലക്ഷം സൗജന്യ ഡയാലിസിസുകള്‍ എന്ന നേട്ടം കൈവരിച്ച് ആല്‍ഫ ഡയാലിസിസ് സെന്റര്‍. തൃശൂര്‍ എടമുട്ടത്തെ ആല്‍ഫ ഹോസ്പീസിന്റെ ഭാഗമായി 2021 ഫെബ്രുവരിയില്‍ 15 മെഷീനുകളോടെയായിരുന്നു സെന്ററിന്റെ തുടക്കം. നിലവില്‍ 32 മെഷീനുകളില്‍ മൂന്നു ഷിഫ്റ്റ് പ്രവര്‍ത്തിച്ചാണ് സെന്റര്‍ ഈ ലക്ഷ്യം കൈവരിച്ചത്.
കോവിഡ് കാലത്ത് ഡയാലിസിസ് സെന്ററുകള്‍ അടച്ചുപൂട്ടിയിരുന്നപ്പോള്‍ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ആല്‍ഫ ഡയാലിസിസ് സെന്റര്‍ കോവിഡ് ബാധിതര്‍ക്കായി നാലാമതൊരു ഷിഫ്റ്റ് കൂടി പ്രവര്‍ത്തിപ്പിച്ചത് ഒട്ടേറെ പ്രശംസ നേടിയിരുന്നു.
സെന്ററിലെ ഡയാലിസിസ് മെഷീനുകളെല്ലാം തന്നെ വ്യക്തികളും സംഘടനകളും സ്‌പോണ്‍സര്‍ഷിപ്പായി നല്‍കിയതാണ്. ഒപ്പം ഡയാലിസിസ് രോഗികളെ സ്‌പോണ്‍സര്‍ ചെയ്യുന്നവരും പ്രതിമാസ ഡയാലിസിസുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവരുടെ കൂട്ടായ്മയായ ഹാപ്പിനെസ് ക്ലബ് അംഗങ്ങളുമടങ്ങുന്നവരാണ് ഈ നേട്ടങ്ങള്‍ക്കു പിന്നിലെന്ന് ആല്‍ഫ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ അറിയിച്ചു. ഡയാലിസിസ് സൂപ്പര്‍വൈസര്‍ ജിതുന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള 21 ടെക്്‌നിക്കല്‍ സ്റ്റാഫും 4 ഓഫീസ് സ്റ്റാഫും 5 ഹൗസ്‌കീപ്പിംഗ് സ്റ്റാഫുമടങ്ങുന്നതാണ് ആല്‍ഫ ഡയാലിസിസ് ടീം. ഒപ്പം മെഡിക്കല്‍ ഓഫീസര്‍, പാര്‍ട് ടൈം നെഫ്രോളജിസ്റ്റ് എന്നിവരും സെന്ററിന്റെ ഭാഗമായിട്ടുണ്ട്്.
ഡയാലിസിസ് പാലിയേറ്റീവ് കെയറിന്റെ ഭാഗമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആല്‍ഫ കരുതുന്നു. ഡയാലിസിസിന് വിധയേരാകുന്നവരുടെ പ്രതിമാസ മെഡിക്കല്‍ ചെക്കപ്പുകള്‍, ലബോറട്ടറി പരിശോധനകള്‍, അത്യാവശ്യ മരുന്നുകള്‍, ഡയാലിസിസിനെത്താനും തിരിച്ചുപോകാനും വാഹന സൗകര്യം എന്നിവയെല്ലാം സൗജന്യമായി ഏര്‍പ്പെടുത്താന്‍ സെന്ററിന് സാധിച്ചത് പാലിയേറ്റീവ് പരിചരണത്തിന്റെ ഭാഗമായി ചിന്തിക്കാന്‍ കഴിഞ്ഞതുകൊണ്ടാണെന്ന് ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ സാക്ഷ്യപ്പെടുത്തുന്നു.
ഡയാലിസിസ് ആവശ്യമായവരുടെ ജീവിതം സമൂഹത്തിന്റെ ഏറ്റവും പരിഗണനയര്‍ഹിക്കേണ്ടതായതിനാല്‍ കൂടുതല്‍ ഡയാലിസിസ് സെന്ററുകള്‍ നടപ്പിലാക്കാന്‍ ആല്‍ഫ ശ്രമിച്ചുവരികയാണ്. സ്വന്തമായി കെട്ടിടങ്ങളുള്ള ആല്‍ഫയുടെ ലിങ്ക് സെന്ററുകള്‍ ഭാവിയില്‍ ഡയാലിസിസ് സേവനംകൂടി നല്‍കുന്ന നിലയിലേക്ക് വളരും. ഒപ്പം പുതുതായി പൂര്‍ത്തിയാക്കുന്ന ആല്‍ഫ ഹോസ്പീസില്‍ 50 ഡയാലിസിസ് മെഷീനുകള്‍ക്കുള്ള സൗകര്യവും ഉള്‍പ്പെടുത്തുന്നുണ്ട്. തൃശൂര്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് 50 മെഷീനുകളുള്ള ഡയാലിസിസ് സെന്ററും പൂര്‍ത്തീകരിക്കും.
ഒരു ലക്ഷം സൗജന്യ ഡയാലിസിസുകള്‍ എന്ന ലക്ഷ്യം നേടിയതിനോടനുബന്ധിച്ച് ആല്‍ഫ ഡയാലിസിസ് സെന്ററില്‍ നടന്ന ലളിതമായ ആഘോഷം കേക്ക് മുറിച്ച് മധുരം പങ്കിട്ടുകൊണ്ട് ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോസ് ബാബു, കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, ഡയാലിസിസ് എക്സിക്യുട്ടീവ് കൗണ്‍സില്‍ പ്രസിഡന്റ് പി.എഫ്. ജോയ്, സെക്രട്ടറി പി.ജയരാജന്‍, ട്രഷറര്‍ രാജീവ് എം.കെ, ഹോസ്പീസ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സന്ധ്യ സുജീത്ത് തുടങ്ങിയവര്‍ സംസാരിച്ചു.