തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പുതുതായി ഉയര്‍ന്നിട്ടുള്ള ലൈംഗീകാരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുലിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഫെനി നൈനാന്. ഫെനി നൈനാൻ ഓടിച്ച കാറിലാണ് തന്നെ റിസോർട്ടിൽ എത്തിച്ചതെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.
ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായാണ് ഈ തിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും ഇത്തരം ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇങ്ങനൊരു സംഭവം നടന്നിട്ടില്ല. മനസാക്ഷി ഒരു തരിമ്പെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ ആ സ്ത്രീ അത്തരത്തില്‍ ഒരു പരാതി എഴുതില്ലായിരുന്നു.
പരാതിക്കാരിയെ അറിയില്ല. പക്ഷേ, ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് എനിക്ക് പരിപൂര്‍ണമായ ബോധ്യമുണ്ട്. പരാതിയില്‍ എഴുതിപിടിപ്പിച്ചിരിക്കുന്നതെല്ലാം പച്ചക്കള്ളമാണ്. എന്റെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് ആരോപണം വന്നിരിക്കുന്നത്. ഞാൻ മനസുകൊണ്ടുപോലും അറിയാത്ത ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നതെന്നും ഫെനി പറഞ്ഞു.
അതേ സമയം, ബംഗളൂരു സ്വദേശിയായ ഇരുപത്തിമൂന്നുകാരിയാണ് രാഹുലിനെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവർക്കാണ് പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.