കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസംഗിച്ചു എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്കെതിരെ വളയത്ത് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി. യുഡിഎഫ് സംഘടിപ്പിച്ച ജനപക്ഷ യാത്രയുടെ സമാപന സമ്മേളനത്തിലെ പ്രസംഗമാണ് ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രകോപിപ്പിച്ചത്.(Allegations of provocative speech, DYFI protests against Youth Congress leader)
റിജിൽ മാക്കുറ്റി പ്രസംഗം നടത്തിയതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകോപന മുദ്രാവാക്യങ്ങളുമായി വളയം ടൗണിൽ പ്രകടനം നടത്തിയത്. യുഡിഎഫ് ജനപക്ഷ യാത്രയുടെ സമാപന പരിപാടിയുടെ ഉദ്ഘാടകൻ ഷാഫി പറമ്പിൽ എംപി ആയിരുന്നു.
എംപി വേദി വിട്ടതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിച്ച് തെറി വിളികളോടും പ്രകോപനപരമായ മുദ്രാവാക്യങ്ങളോടും കൂടി ടൗണിലൂടെ പ്രകടനം നടത്തിയത്. റിജിൽ മാക്കുറ്റിയുടെ പ്രസംഗത്തിലെ പരാമർശങ്ങളാണ് പ്രതിഷേധത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.