പാലക്കാട് : ഷാഫി പറമ്പിലിനെതിരെ വിവാദ ആരോപണം ഉന്നയിച്ച പാലക്കാട് സി പി എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു അദ്ദേഹത്തെ വെല്ലുവിളിച്ച് രംഗത്തെത്തി. ഷാഫി നിയമപരമായി മുന്നോട്ട് പോകട്ടെയെന്നാണ് അദ്ദേഹം പറഞ്ഞത്.(Allegations against Shafi Parambil MP )
നേരിടാൻ സി പി എം തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഹെഡ്മാഷ് എന്ന പേരിലാണ് ആരോപണം ഉന്നയിച്ചതെന്നും, ഷാഫി അത് ഏറ്റെടുത്തുവെന്നും ഇ എൻ സുരേഷ് ബാബു ചൂണ്ടിക്കാട്ടി. കുമ്പളങ്ങ കട്ടത് ആരെന്ന് ചോദിച്ചാൽ ഷാഫി എന്തിനാണ് തോളിൽ ചെളി ഉണ്ടോയെന്ന് നോക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു.
പറയാൻ ശേഷി ഉള്ളതിലാനാണ് പറഞ്ഞതെന്നും, സമയം ആകുമ്പോൾ തെളിവുകൾ പുറത്ത് വിടുമെന്നും ഇ എൻ സുരേഷ് ബാബു വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. അതേസമയം, ഷാഫി പറമ്പിൽ എം പി, സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു തനിക്കെതിരെ നടത്തിയ വിവാദപരമായ ആരോപണങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തി. ഇത് ആരോപണമല്ല അധിക്ഷേപമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം പരാമർശങ്ങൾ മറുപടി പോലും അർഹിക്കുന്നില്ല എന്ന് എം പി ചൂണ്ടിക്കാട്ടി. ഇതാണോ സി പി എമ്മിന്റെ 2026ലെ തെരഞ്ഞെടുപ്പ് തന്ത്രമെന്ന് അദ്ദേഹം ചോദിച്ചു. ഇക്കാര്യം നേതാക്കന്മാർ വ്യക്തമാക്കണമെന്നും, ഇതാണോ സി പി എമ്മിന്റെ രാഷ്ട്രീയമെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. നേതാക്കളെ കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കലാണോ സി പി എമ്മിന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ എന്ന് ഷാഫി വിമർശിച്ചു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
ഷാഫി പറമ്പിൽ എം പിക്കെതിരെ ഗുരുതര ആരോപണവുമായി സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു രംഗത്തെത്തിയിരുന്നു. ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബെംഗളുരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യത്തിൽ ഷാഫിയും രാഹുലും കൂട്ടുകച്ചവടം നടത്തുന്നവർ ആണെന്നും അദ്ദേഹം ആരോപിച്ചു. സ്ത്രീവിഷയത്തിൽ ഷാഫി രാഹുലിൻ്റെ ഹെഡ്മാഷ് ആണെന്നും, കോൺഗ്രസിലെ പല നേതാക്കളും രാഹുലിൻ്റെ അധ്യാപകർ ആണെന്നും സുരേഷ് ബാബു വിവാദ പ്രസ്താവന നടത്തി. രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ പാലക്കാട് മണ്ഡലത്തിൽ എത്തിയതിന് പിന്നാലെയാണ് ഷാഫിക്കെതിരെ ആരോപണം ഉയർത്തിയിരിക്കുന്നത്.