തിരുവനന്തപുരം : മാധ്യമങ്ങൾക്ക് മുന്നിൽ രാഹുൽ മാങ്കൂട്ടത്തിൽ കാണിച്ചത് പഴയ ശബ്ദസന്ദേശമാണെന്ന് പറഞ്ഞ് ട്രാൻസ് വുമൺ അവന്തിക. ഇയാൾക്കെതിരെ ആരോപണം ഉയരുന്നതിന് മുൻപുള്ള ശബ്ദസന്ദേശമാണ് ഇതെന്നും, ഇത് ആഗസ്റ്റ് ഒന്നിനുള്ളതാണെന്നും അവർ കൂട്ടിച്ചേർത്തു.(Allegations against Rahul Mamkootathil )
ഇതേ മാധ്യമ പ്രവർത്തകനോട് തന്നെയാണ് താൻ എല്ലാം തുറന്നു പറഞ്ഞതെന്നും അവർ വ്യക്തമാക്കി. താൻ ആ സമയങ്ങളിൽ എല്ലാം തുറന്നു പറയാനുള്ള അവസ്ഥായിൽ ആയിരുന്നില്ല എന്നും, രാഹുലിൻ്റെ ഭാഗത്ത് തെറ്റില്ലെങ്കിൽ പോരാട്ടത്തിൽ ഒപ്പം നിൽക്കുമെന്ന് പറഞ്ഞിരുന്നുവെന്നും അവർ അറിയിച്ചു. എന്നാൽ, പിന്നീട് ഇയാൾ തെറ്റ് ചെയ്തുവെന്ന് തെളിഞ്ഞുവെന്നും, പഴയ ശബ്ദ സന്ദേശം കൊണ്ടുവന്ന് ഒരു വാദം നടത്തേണ്ട ആവശ്യമില്ലെന്നും അവന്തിക ചൂണ്ടിക്കാട്ടി.
അവന്തികയുടെ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണ് എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്. ടെലഗ്രാം വഴി നടത്തിയ ചാറ്റുകളെ കുറിച്ച് രാഹുൽ എന്ത് കൊണ്ടാണ് പറയാത്തതെന്ന് അവന്തിക ചോദിച്ചു. താൻ ആരുമായും ഗൂഢാലോചന നടത്തിയിട്ടില്ല എന്നും, വാനിഷ് മോഡിലാണ് രാഹുൽ മെസേജ് അയക്കുന്നത് എന്നും പറഞ്ഞ ഇവർ, അതിൻ്റെ ധൈര്യത്തിലാണ് ഇപ്പോൾ തെളിവുകൾ നിരത്തുന്നത് എന്നും കൂട്ടിച്ചേർത്തു.