തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രം കുറിച്ച പത്തു മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് നാട് വിടചൊല്ലുന്നു (Alin Sherin Abraham Organ Donation). ആലിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ (State Honours) നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തീരാവേദനയ്ക്കിടയിലും അവയവദാനത്തിന് സന്നദ്ധരായ മാതാപിതാക്കളുടെ തീരുമാനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി കുറിച്ചു.
മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഇതിലൂടെ അഞ്ച് പേർക്കാണ് പുതുജീവൻ ലഭിച്ചത്.ഞായറാഴ്ച വൈകുന്നേരം 3.30-ന് മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയിൽ വച്ചാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.
കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് ഗാർഡ് ഓഫ് ഓണർ (Guard of Honour) നൽകിയാണ് ആലിന്റെ മൃതദേഹം യാത്രയാക്കിയത്.
രാത്രിയിൽ ഹെലികോപ്റ്റർ അനുമതി ലഭിക്കാത്തതിനാൽ റോഡ് മാർഗ്ഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചത്. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള 211 കിലോമീറ്റർ ദൂരം വെറും 3 മണിക്കൂർ 15 മിനിറ്റ് കൊണ്ട് പിന്നിട്ടാണ് അവയവങ്ങൾ എത്തിച്ചത്. പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും ആംബുലൻസ് ഡ്രൈവർമാരുടെയും ഏകോപിതമായ പ്രവർത്തനം ഇതിന് പിന്നിലുണ്ട്.
ആലിൻ നൽകിയ പുതുജീവൻ:
രണ്ട് വൃക്കകൾ: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ കുട്ടിക്ക്.
കരൾ: തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ആറു മാസം പ്രായമുള്ള കുട്ടിക്ക്.
ഹൃദയവാൽവ്: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്.
നേത്രപടലങ്ങൾ: അമൃത ആശുപത്രിയിലേക്ക്.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളാണ് ആലിൻ. ഫെബ്രുവരി ഏഴിന് എം.സി റോഡിലുണ്ടായ വാഹനാപകടമാണ് കുഞ്ഞിന്റെ ജീവൻ കവർന്നത്.



