

തിരുവനന്തപുരം: ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്ക് നേരെ അച്ഛന്റെ ക്രൂരമർദനം. മദ്യപാനിയായ അച്ഛന്റെ നിരന്തരമായ പീഡനം സഹിക്കാനാകാതെ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടി ചികിത്സയിൽ തുടരുകയാണ്.(Alcoholic father brutally beats ninth grader in Trivandrum)
അച്ഛൻ മദ്യപിച്ച് ദിവസവും അമ്മയെയും തന്നെയും ക്രൂരമായി മർദിക്കുമെന്നാണ് പെൺകുട്ടിയുടെ മൊഴി. മദ്യപിച്ചെത്തിയ ശേഷം വീട്ടിൽ പൂട്ടിയിട്ടാണ് അച്ഛൻ ക്രൂരമായി മർദിച്ചിരുന്നത്. മർദനത്തിനുശേഷം രാത്രി വീട്ടിൽനിന്ന് പുറത്തിറക്കി വിടാറുണ്ടെന്നും പെൺകുട്ടി പറയുന്നു. പെൺകുട്ടിയുടെ കൈയ്ക്കും മുഖത്തും കാലിനുമടക്കം മർദനത്തിൽ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു.
മദ്യപിച്ചെത്തുന്ന അച്ഛൻ ദിവസവും മർദിക്കുന്നത് പതിവായിരുന്നു. സ്കൂളിൽ പോകാനോ പഠിക്കാനോ സമ്മതിക്കാറില്ലെന്നും എപ്പോഴും മർദനം തന്നെയായിരുന്നുവെന്നും പെൺകുട്ടി ഫോണിലൂടെ അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. പെൺകുട്ടിയുടെ ഫോൺ സംഭാഷണത്തിലൂടെയാണ് ഈ ക്രൂരപീഡനത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.