

ആലപ്പുഴ: മദ്യം പങ്കുവെക്കുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ടൂറിസ്റ്റ് കാർ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിക്കുകയും വാഹനം തകർക്കുകയും ചെയ്ത സംഭവത്തിൽ നാല് പ്രതികളെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ ടാക്സി ഡ്രൈവർ ജംഷീറിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. വിചിൻ (28) - കാഞ്ഞിരപ്പള്ളി, കോട്ടയം, അലക്സ് (സോനു - 19) - മണ്ണഞ്ചേരി, ആലപ്പുഴ, ദീപക് (33) - നോർത്ത് ആര്യാട്, ആലപ്പുഴ,സുജിത്ത് (28) - ചേർത്തല എന്നീ പ്രതികളാണ് പിടിയിലായത്.
ബുധനാഴ്ച രാത്രി 10:30-ഓടെ ആലപ്പുഴയിലെ ഒരു റിസോർട്ട് പാർക്കിംഗ് ഏരിയയിലായിരുന്നു സംഭവം. കൊച്ചിയിൽ നിന്ന് സഞ്ചാരികളുമായെത്തിയ ജംഷീറും മറ്റൊരു ടാക്സി ഡ്രൈവറായ വിചിനും ചേർന്ന് മദ്യപിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. വിചിന് നൽകിയ മദ്യത്തിന്റെ അളവ് കുറഞ്ഞുപോയെന്ന് പറഞ്ഞ് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും വിചിന്റെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.
തുടർന്ന് പ്രകോപിതനായ വിചിൻ തന്റെ അളിയനായ ദീപക്കിനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി ജംഷീറിനെ ആക്രമിക്കുകയായിരുന്നു. കൈക്കും മുതുകിനും വെട്ടേറ്റ ജംഷീറിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിസംഘം ജംഷീറിന്റെ കാറും അടിച്ചുതകർത്തു.
സൗത്ത് ഇൻസ്പെക്ടർ വി.ഡി. റജിരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.