ആലപ്പുഴ: അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണുണ്ടായ അപകടത്തെ തുടർന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസും കരാർ കമ്പനിയായ അശോക ബിൽഡ്കോൺ അധികൃതരും വിശദീകരണങ്ങളുമായി രംഗത്തെത്തി. എന്നാൽ അപകടകാരണങ്ങളെക്കുറിച്ച് കമ്പനി നൽകിയ വിശദീകരണം നാട്ടുകാർ തള്ളിക്കളയുകയും സ്ഥലത്ത് പ്രതിഷേധം ഉയർത്തുകയും ചെയ്തു.(Alappuzha girder accident, Collector says lapses in traffic control will be investigated)
സംഭവത്തിൽ കരാർ കമ്പനിയായ അശോക ബിൽഡ്കോണിനോട് റിപ്പോർട്ട് തേടിയതായി ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. ഹൈഡ്രോളിക് ജാക്കിയിലുണ്ടായ തകരാറാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്ന സ്ഥലത്ത് ഗതാഗത നിയന്ത്രണം പാലിക്കണമെന്ന് കൃത്യമായി നിർദ്ദേശം നൽകിയിരുന്നതായി കളക്ടർ പറഞ്ഞു. "എങ്കിലും ഇത്രയും വലിയ ജോലി നടക്കുമ്പോൾ പൂർണമായും ഗതാഗതം തടയാൻ കഴിയില്ല. നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കും," കളക്ടർ വ്യക്തമാക്കി.
അപകടത്തെക്കുറിച്ച് അശോക ബിൽഡ് കോൺ കൺസ്ട്രക്ഷൻ കോഓർഡിനേറ്റർ വേണു ഗോപാൽ നൽകിയ വിശദീകരണം നാട്ടുകാർ തള്ളി. അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന് വേണു ഗോപാൽ പറഞ്ഞു. കൂടാതെ, തങ്ങൾ സാധാരണയായി വാഹനങ്ങളെ കടത്തിവിടാറില്ലെന്നും, അപകടം നടന്ന സമയത്ത് ഗതാഗതം നിയന്ത്രിച്ചിരുന്നുവെന്നും, എന്നിട്ടും ഒരു വാഹനം കടന്നുപോയതാണ് അപകടത്തിന് കാരണമായതെന്നുമാണ് കമ്പനി പ്രതിനിധിയുടെ വിശദീകരണം.
എന്നാൽ കമ്പനിയുടെ ഈ വാദത്തെ നാട്ടുകാർ തള്ളി. നിർമ്മാണ സ്ഥലത്ത് റോഡ് ബ്ലോക്ക് ചെയ്തിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഗതാഗതം നിയന്ത്രിച്ചിരുന്നു എന്ന കമ്പനി പ്രതിനിധിയുടെ പ്രസ്താവനയോടെ നാട്ടുകാർ ബഹളം വെക്കുകയും വേണു ഗോപാലിനെതിരെ പ്രതിഷേധം ഉയർത്തുകയും ചെയ്തു.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അരൂർ-തുറവൂർ ഉയരപ്പാത മേഖലയിൽ പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണ് അപകടം ഉണ്ടായത്. മുട്ട കൊണ്ടു പോകുന്ന പിക്കപ് വാനിന്റെ ഡ്രൈവറും ആലപ്പുഴ ഹരിപ്പാട് സ്വദേശിയുമായ രാജേഷ് ആണ് മരിച്ചത്. വീണ രണ്ട് ഗർഡറുകളിൽ ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് വാനിലേക്ക് പതിച്ചത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.