കാലടി : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആവേശത്തിനിടയിൽ കേരളക്കരയെ ഞെട്ടിച്ചുകൊണ്ട് മലയാറ്റൂരിൽ 19 വയസ്സുകാരി ചിത്രപ്രിയയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. മലയാറ്റൂർ മുണ്ടങ്ങാമറ്റം സ്വദേശിനിയായ ചിത്രപ്രിയയുടെ ആൺസുഹൃത്ത്, കാലടിയിലെ വെൽഡിങ് തൊഴിലാളിയായ 21 വയസ്സുകാരൻ അലൻ കൊലപാതകം നടത്തിയെന്ന് സമ്മതിച്ചു. മദ്യലഹരിയിൽ സംശയത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അലൻ പോലീസിന് മൊഴി നൽകി.(Alan's confession in the murder of a 19-year-old woman in Malayattoor)
ബെംഗളൂരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർത്ഥിനിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. ഇന്നലെയാണ് മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്.
പെൺകുട്ടിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. മൃതദേഹത്തിന് അടുത്തായി രക്തം പുരണ്ട ഒരു വെട്ടുകല്ല് കണ്ടെത്തിയതോടെയാണ് കൊലപാതകമെന്ന സംശയം ബലപ്പെട്ടത്. കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്ന സംശയത്തിന് പിന്നാലെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ചിത്രപ്രിയയും അലനും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു. എന്നാൽ, ബെംഗളൂരുവിലേക്ക് പോയ ശേഷം ചിത്രപ്രിയ തന്നെ വിളിക്കാറില്ലെന്ന് അലൻ പറയുന്നു. നാട്ടിലെത്തിയ ചിത്രപ്രിയയുടെ ഫോണിൽ മറ്റൊരു ആൺസുഹൃത്തിനൊപ്പമുള്ള ചിത്രങ്ങൾ കണ്ടതോടെ അലന് സംശയം തോന്നി. കാണാതായ ശനിയാഴ്ച മുതൽ കൊല്ലപ്പെടുന്നത് വരെ ചിത്രപ്രിയ അലനൊപ്പമായിരുന്നെന്ന് പോലീസ് പറയുന്നു. തർക്കത്തിനൊടുവിൽ അലൻ വിജനമായ സ്ഥലത്ത് വെച്ച് കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടത്തുമ്പോൾ അലൻ മദ്യലഹരിയിലായിരുന്നു.
ചിത്രപ്രിയയെ കാണാതായ ഘട്ടത്തിൽ പോലീസ് അലനെ ചോദ്യം ചെയ്തിരുന്നെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിക്കാതെ വിട്ടയച്ചിരുന്നു. എന്നാൽ, ശനിയാഴ്ച കാണാതായ ചിത്രപ്രിയ ഞായറാഴ്ച പുലർച്ചെ 2 മണിയോടെ മലയാറ്റൂരിലെ മർത്തോമ പാരിഷ് ഹാളിന് സമീപം അലൻ്റെ ബൈക്കിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണ്ണായകമായി. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് അലനെ വീണ്ടും വിളിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്. ബെംഗളൂരുവിലെ മറ്റൊരു ആൺസുഹൃത്തിനെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിന് കാരണം എന്ന് പോലീസ് സ്ഥിരീകരിച്ചു.