അൽ അസ്ഹർ ഇന്റർനാഷണൽ ലീഡർഷിപ്പ് ട്രെയിനിങ്: മർകസ് സംഘം ഈജിപ്തിലെത്തി

അൽ അസ്ഹർ ഇന്റർനാഷണൽ ലീഡർഷിപ്പ് ട്രെയിനിങ്: മർകസ് സംഘം ഈജിപ്തിലെത്തി

Published on

കോഴിക്കോട്: ഈജിപ്തിലെ അൽ അസ്ഹർ അക്കാദമി ഓഫ് ട്രെയിനിങ് സംഘടിപ്പിക്കുന്ന സ്കോളേഴ്സ് ലീഡർഷിപ്പ് ട്രെയിനിങ് കോഴ്‌സിൽ സംബന്ധിക്കുന്ന മർകസ് പണ്ഡിത സംഘം കൈറോയിലെത്തി. 2 മാസം നീണ്ടുനിൽക്കുന്ന കോഴ്‌സിന് ലോകപ്രശസ്ത പണ്ഡിതരും അക്കാദമിക് വിദഗ്ധരുമാണ് നേതൃത്വം നൽകുക. ഇസ്‌ലാമിക പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന മധ്യമനിലപാടിന്റെ പ്രസക്തിയും സമൂഹത്തെ സാഹോദര്യത്തോടെയും സൗഹാർദ്ദത്തോടെയും മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ പ്രാധാന്യവും തീവ്ര-വികല ചിന്തകളെ സമീപിക്കേണ്ട രീതിശാസ്ത്രവും ആധുനിക സാമ്പത്തിക ശാസ്ത്രവുമൊക്കെയാണ് കോഴ്‌സിലെ പാഠ്യവിഷയങ്ങൾ.

ജാമിഅ മർകസും അൽ അസ്ഹറും തമ്മിലുള്ള അക്കാദമിക വിനിമയ കരാറിന്റെ അടിസ്ഥാനത്തിലാണ് 11 അംഗ പണ്ഡിതസംഘത്തിന് കോഴ്‌സിന്റെ ഭാഗമാവാൻ അവസരം ലഭിക്കുന്നത്. 1993 ലാണ് ഈ കോഴ്‌സിലേക്കുള്ള ആദ്യസംഘം ജാമിഅ മർകസിന് കീഴിൽ ഇന്ത്യയിൽ നിന്നും പുറപ്പെടുന്നത്. കേരളവും ഈജിപ്തും തമ്മിലുള്ള വൈജ്ഞാനിക ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പൊന്നാനിയിലെ മഖ്ദൂമാർ ആഴത്തിലുള്ള മതപഠനം നടത്തിയത് ഈജിപ്തിൽ ലോകപ്രശസ്ത പണ്ഡിതർക്ക് കീഴിലായിരുന്നു. കേരളത്തിൽ ശാഫിഈ കർമസരണിക്ക് വേരോട്ടം ലഭിക്കുന്നതും ഇതിലൂടെയാണ്. അൽ അസ്ഹർ യൂണിവേഴ്‌സിറ്റിയുടെ ആരംഭത്തോടെ ഈ വൈജ്ഞാനിക ബന്ധത്തിന് കൂടുതൽ തിളക്കം ലഭിച്ചു. ശൈഖ് ഉമർ കാമിലിന്റെ നേതൃത്വത്തിൽ സാധ്യമായ ജാമിഅ മർകസുമായുള്ള അക്കാദമിക വിനിമയ കരാറിനെ തുടർന്ന് വിദ്യാർഥി കൈമാറ്റങ്ങളും സെമിനാറുകളും സമ്മേളനങ്ങളും സംയുക്തമായി സംഘടിപ്പിച്ചുവരുന്നു. നിലവിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന മികച്ച നയതന്ത്രബന്ധം വിദ്യാഭ്യാസ-സാംസ്കാരിക കൈമാറ്റങ്ങൾക്കും കരാറുകൾക്കും ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി നേതൃത്വം നൽകുന്ന സംഘത്തിന് കഴിഞ്ഞ ദിവസം മർകസിൽ നടന്ന ചടങ്ങിൽ ജാമിഅ ചാൻസിലർ സി മുഹമ്മദ് ഫൈസി യാത്രയയപ്പുനൽകി. ഗവേഷണ സ്വഭാവത്തോടെ അറിവിനെ സമീപിക്കാൻ തയ്യാറാവണമെന്നും ആഴത്തിലുള്ള വിജ്ഞാന സമ്പാദനം വ്യക്തിത്വത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജാമിഅ ഫൗണ്ടർ ചാൻസിലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ, റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ആശംസകൾ നേർന്നു. അക്ബർ ബാദുഷ സഖാഫി, സുഹൈൽ അസ്ഹരി സംസാരിച്ചു. ഹസൻ സഖാഫി തറയിട്ടാൽ, മൂസ സഖാഫി പെരുവയൽ, ശമീർ അഹ്‌സനി പാപ്പിനിപ്പാറ, സഅദ് സഖാഫി കൂട്ടാവിൽ, ഇസ്മാഈൽ സഖാഫി നെരോത്ത്, ജാബിർ സഖാഫി ഓമശ്ശേരി, ടിസി മുഹമ്മദ് സഖാഫി ആക്കോട്, മുഹമ്മദ് മുബാരിസ് സഖാഫി വളാഞ്ചേരി, മുഹമ്മദ് അൻസാർ സഖാഫി മംഗലാപുരം, സിദ്ദീഖ് ഖാദിരി പൊന്നാട് എന്നിവരാണ് സംഘത്തിലുള്ളത്.

Times Kerala
timeskerala.com