
ബിഗ് ബോസ് ഹൗസിലേക്ക് വൈൽഡ് കാർഡുകൾ എത്തിയപ്പോൾ ഏറ്റവും വലിയ പണി കിട്ടിയത് അനീഷിനും അക്ബറിനുമായിരുന്നു. അനീഷിൻ്റെ നോമിനേഷൻ പവറും അക്ബറിൻ്റെ ക്യാപ്റ്റൻസി പവറും വൈൽഡ് കാർഡുകൾ എടുത്തുകളഞ്ഞു. ഇന്നത്തെ വീക്കെഡ് എപ്പിസോഡിൽ ഈ പണിയിൽ നിന്ന് രക്ഷപ്പെടാൻ രണ്ട് പേർക്കും മോഹൻലാലിൻ്റെ വക ചെറിയ ഒരു പണി കൊടുത്തിരിക്കുകയാണ്. ഇതിൻ്റെ പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് യൂട്യൂബ് ചാനലിൽ പങ്കുവച്ചു.
അക്ബറിനോട്, 'ക്യാപ്റ്റനാവാൻ പറ്റാത്തതിൽ സങ്കടമുണ്ടോ?' എന്ന് മോഹൻലാൽ ചോദിക്കുന്നു. ‘വലിയ പണി ആയിപ്പോയല്ലേ’ എന്ന് ചോദിക്കുമ്പോൾ ‘വലിയ പണി ആണ്’ എന്ന് അക്ബർ മറുപടി പറയുന്നു. 'ആരെയും നോമിനേറ്റ് ചെയ്യാൻ പറ്റുന്നില്ലല്ലേ?' എന്ന ചോദ്യത്തിന് 'പറ്റുന്നില്ല' എന്നാണ് അനീഷ് നൽകുന്ന മറുപടി. രണ്ട് പേർക്കും ഒരു പരിഹാരമുണ്ടെന്ന് മോഹൻലാൽ തുടർന്ന് പറയുന്നു.
ഇരുവർക്കുമുള്ള ഒരു സ്പെഷ്യൽ ടാസ്കാണ് ഇത്. ടെലിവിഷനുള്ള ഒരു മുറിയിൽ ഇരുവരെയും കൊണ്ടുവന്നിട്ട് പല ശബ്ദങ്ങൾ കേൾപ്പിക്കുന്നു. ടെലിവിഷൻ്റെ രണ്ട് വശത്തും രണ്ട് വൈറ്റ് ബോർഡുകൾ ഉണ്ട്. ആ ശബ്ദങ്ങളുടെ ചിത്രങ്ങൾ ക്രമത്തിൽ ഒട്ടിക്കുക എന്നതാണ് ടാസ്ക്. ആട് കരയുന്ന ശബ്ദം, മോഹൻലാലിൻ്റെ ഡയലോഗ്, കാപ്പി തുടങ്ങിയ പല ശബ്ദങ്ങളും കേൾക്കുന്നുണ്ട്. ഇതിൽ ആരാണ് വിജയിച്ചതെന്ന് വ്യക്തമല്ല. ടാസ്കിൽ വിജയിക്കുന്ന ആൾക്കുള്ള വലിയ പണി മാറ്റുമെന്നാണ് മോഹൻലാൽ സൂചിപ്പിക്കുന്നത്.