
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൻ്റെ അവസാനവട്ട തിരക്കുകളിൽ മുങ്ങിയിരിക്കുകയാണ് പാലക്കാട്. ഈ അവസരത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് എ കെ ഷാനിബ്.(AK Shanib's response )
തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി രാഹുൽ മാങ്കൂട്ടത്തിൽ നൽകിയത് വ്യാജ അഫിഡവിറ്റാണെന്നാണ് ഷാനിബിൻ്റെ ആരോപണം. അദ്ദേഹം ടാക്സ് അടയ്ക്കാറില്ലെന്ന് ആ അഫിഡവിറ്റിൽ തന്നെ പറയുന്നുണ്ടെന്നും ഷാനിബ് കൂട്ടിച്ചേർത്തു.
അതേസമയം, നിരവധി ബിസിനസ്സ് ഉണ്ടെന്ന് രാഹുൽ തന്നെ പറയുന്നുണ്ടെന്നും, ബിസിനസ്സ് ഉണ്ടെങ്കിൽ ടാക്സ് അടയ്ക്കണ്ടേയെന്നുമാണ് എ കെ ഷാനിബ് ചോദിക്കുന്നത്. അടിമുടി വ്യാജനായ ഒരാളാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന് വിമർശിച്ച എ കെ ഷാനിബ്, അത്തരത്തിലുള്ള ഒരാളെയാണ് പാലക്കാട് യു ഡി എഫ് സ്ഥാനാർത്ഥിയാക്കിയതെന്നും, വ്യാജന്മാർക്കെതിരെ കടുത്ത തിരിച്ചടി ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
ബി ജെ പിയിൽ നിന്നും കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെയും അദ്ദേഹം വിമർശിച്ചു. തികഞ്ഞ വർഗീയവാദിയാണ് സന്ദീപെന്നും, അയാൾക്ക് മുന്നിൽ എത്ര പെട്ടെന്നാണ് കോൺഗ്രസ് നേതാക്കൾ വാതിൽ തുറന്നിട്ടതെന്നും ഷാനിബ് കുറ്റപ്പെടുത്തി. പാർട്ടിയിലേക്ക് ഇയാളെത്തിയത് ഡി സി സി പ്രസിഡൻ്റ് പോലും അറിഞ്ഞിട്ടില്ലെന്നും, കെ മുരളീധരനും അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.