
പാലക്കാട്: കോൺഗ്രസ് പാർട്ടി വിട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തി.(AK Shanib about Congress )
കോൺഗ്രസ് സമീപനം ആളുകൾ നിലപാട് പറയുമ്പോൾ അവരെ പുറത്താക്കുന്നതാണെന്നും, പാർട്ടി പ്രവർത്തകരുടെ വാക്ക് കേൾക്കാൻ തയ്യാറാകാത്ത ആളാണ് വി ഡി സതീശനെന്നും അദ്ദേഹം പ്രതികരിച്ചു. അദ്ദേഹത്തിന് ധാർഷ്ട്യമാണെന്നും, മുഖ്യമന്ത്രി ആകാൻ എല്ലാവരെയും ചവിട്ടി മെതിച്ചു കൊണ്ടാണ് സതീശൻ മുന്നോട്ട് പോകുന്നതെന്നും ഷാനിബ് കൂട്ടിച്ചേർത്തു.
എന്നാൽ, പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്പെഷ്യലിസ്റ്റ് ആയ സതീശൻ്റെ തന്ത്രങ്ങൾ പാളുമെന്ന് മുന്നറിയിപ്പ് നൽകുന്നുവെന്ന് പറഞ്ഞ അദ്ദേഹം, തൻ്റെ പോരാട്ടം പാർട്ടിക്കുള്ളിലെ ചില പുഴുക്കൾക്കും പ്രാണികൾക്കും വേണ്ടിയാണെന്നും വ്യക്തമാക്കി.
താൻ മത്സരിക്കുന്ന പക്ഷം ബി ജെ പിക്ക് ഗുണകരമാകുമോയെന്ന് ചർച്ച ചെയ്തുവെന്നും, പാർട്ടിക്കുള്ളിൽ അസ്വാരസ്യം ഉണ്ടെന്ന് മനസിലാക്കിയെന്നും പറഞ്ഞ എ കെ ഷാനിബ് സ്വതന്ത്രൻ ആയി മത്സരിക്കുമെന്നും അറിയിച്ചു.
സതീശൻ അൻവറിനെ എന്തിനാണ് പ്രകോപിപ്പിച്ചത് എന്ന് ചോദിച്ച ഷാനിബ്, അദ്ദേഹം പാലക്കാട് ബി ജെ പിയെ വിജയിപ്പിക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നതെന്നും ആരോപണമുന്നയിച്ചു.