

കോഴിക്കോട്: കേരളത്തിൽ ഒരു മുസ്ലിം ആഭ്യന്തരമന്ത്രി ആയിക്കൂടെന്നാണ് വളഞ്ഞ വഴിയിലൂടെ എ.കെ. ബാലൻ പറയുന്നതെന്ന് കെ.എം. ഷാജി. മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന പ്രത്യേക അസൈൻമെന്റുകളാണ് ബാലൻ നടപ്പിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് കോട്ടൂരിൽ നടന്ന ലീഗ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാജി.(AK Balan meant that the Home Minister cannot be a Muslim, says KM Shaji)
ജമാഅത്തെ ഇസ്ലാമിയെ തീവ്രവാദികളായി ചിത്രീകരിച്ച് സമൂഹത്തിൽ ഇസ്ലാമോഫോബിയ പരത്താനാണ് സി.പി.എം ആസൂത്രിതമായി ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി വോട്ട് ബാങ്ക് നിലനിർത്താനാണ് ഇത്തരം നീക്കങ്ങളെന്നും ഷാജി പറഞ്ഞു.
മാറാട് കലാപത്തിന്റെ വേദനിക്കുന്ന ഓർമ്മകൾ ഇപ്പോൾ വീണ്ടും ചർച്ചയാക്കുന്നത് ബേപ്പൂർ മണ്ഡലത്തിൽ മരുമകനെ സംരക്ഷിക്കാൻ വേണ്ടിയാണ്. "കാറ്റത്ത് മുണ്ട് പാറിപ്പോകുമ്പോൾ അടിയിലുള്ള കാവി കളസം മുൻപും കണ്ടിട്ടുണ്ട്, എന്നാൽ ഇപ്പോൾ ബാലൻ ആ മുണ്ട് തന്നെ അഴിച്ച് തലയിൽ ചുറ്റിയിരിക്കുകയാണ്" എന്ന് ഷാജി പരിഹസിച്ചു. ഇടത് നേതാക്കൾ ആർ.എസ്.എസ് അജണ്ടയാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.