തിരുവനന്തപുരം: മുതിർന്ന നേതാവ് ഐഷ പോറ്റി സി.പി.ഐ.എം വിട്ട നടപടിയിൽ പ്രതികരണവുമായി എം.എ. ബേബി. പാർട്ടി അവഗണിച്ചു എന്ന ഐഷ പോറ്റിയുടെ ആരോപണം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും അവരുടെ തീരുമാനം വല്ലാത്ത വിഷമം ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.(Aisha Potty's decision is painful, says MA Baby)
ഐഷ പോറ്റിക്ക് പാർട്ടി വലിയ അവസരങ്ങളാണ് നൽകിയത്. മൂന്ന് തവണ എം.എൽ.എയായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിക്കാൻ പാർട്ടി അവർക്ക് അവസരം നൽകി. നിലവിൽ അവർ എടുത്ത തീരുമാനം അവർക്ക് ലഭിച്ച മതിപ്പ് ഇല്ലാതാക്കുന്നതാണെന്ന് എം.എ. ബേബി ചൂണ്ടിക്കാട്ടി.
എന്തെങ്കിലും പരാതികൾ ഉണ്ടായിരുന്നുവെങ്കിൽ അത് പാർട്ടിക്കുള്ളിലായിരുന്നു ഉന്നയിക്കേണ്ടിയിരുന്നത്. മറുപക്ഷത്തേക്ക് പോകുന്നത് വാർത്തയാക്കാൻ അവർക്ക് സാധിച്ചത് സി.പി.ഐ.എം നൽകിയ വലിയ അംഗീകാരങ്ങൾ കൊണ്ടാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഐഷ പോറ്റി ആർ.എസ്.എസിനെ അനുകൂലിച്ച് സംസാരിച്ചുവെന്ന വാർത്തകൾ ഗൗരവകരമാണ്. അത്തരം നിലപാടുകൾ വല്ലാത്ത വേദനയുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊട്ടാരക്കരയിലോ കൊല്ലം ജില്ലയിലോ ഐഷ പോറ്റിയുടെ വിടവാങ്ങൽ പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എം.എ. ബേബി തറപ്പിച്ചു പറഞ്ഞു. കേരള കോൺഗ്രസ് (എം) മുന്നണി വിടുമെന്ന അഭ്യൂഹങ്ങളെയും എം.എ. ബേബി തള്ളിക്കളഞ്ഞു. ഇടതുപക്ഷത്തിനൊപ്പമാണ് തങ്ങളെന്ന് ജോസ് കെ. മാണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത്തരത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുകയാണെങ്കിൽ ജോസ് കെ. മാണി തന്നോട് നേരിട്ട് പറയുന്ന വ്യക്തിയാണെന്നും എം.എ. ബേബി വ്യക്തമാക്കി.