തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടോളം നീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്ന ഐഷ പോറ്റിക്കെതിരെ കടുത്ത വിമർശനവുമായി എം.വി. ഗോവിന്ദൻ. ഐഷ പോറ്റിക്ക് 'അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നു' എന്നും അതാണ് ഇപ്പോൾ പുറത്തുവന്നതെന്നും അദ്ദേഹം പരിഹസിച്ചു.(Aisha Potty is a cheater, says MV Govindan)
കഴിഞ്ഞ കുറെ കാലമായി പാർട്ടി കമ്മിറ്റികളിൽ ഐഷ പോറ്റി പങ്കെടുത്തിരുന്നില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് വരാത്തതെന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാൽ ആ അസുഖം എന്താണെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ വിസ്മയം തീർക്കുമെന്ന് വി.ഡി. സതീശൻ പറയുന്നത് ഇത്തരം കൂറുമാറ്റങ്ങളെ ഉദ്ദേശിച്ചാണെങ്കിൽ അത് നടക്കില്ല. വിസ്മയം തീർക്കാൻ പ്രായമുള്ളവരെ തിരക്കി നടക്കുകയാണ് പ്രതിപക്ഷ നേതാവ്. ഒരു അത്ഭുതവും കേരളത്തിൽ സംഭവിക്കാനില്ലെന്നും വിസ്മയം തീർത്ത് എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും എം.വി. ഗോവിന്ദൻ അവകാശപ്പെട്ടു.