കെ.സുരേന്ദ്രന്റെ പ്രസ്താവന പുരോഗമന കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് എഐഎസ്എഫ് |AISF

കേരളത്തിലെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കേണ്ട സിലബസിനെ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് കൃത്യമായ ധാരണയുണ്ട്.
AISF
Published on

തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തിലെ പാഠപുസ്തകങ്ങളിൽ ഹെഡ്‌ഗേവാറിനെയും സവർക്കറിനെയും കുറിച്ച് പഠിപ്പിക്കുമെന്ന ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ പ്രസ്താവന പുരോഗമന കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടിവ് ആരോപിച്ചു. കേരളത്തിലെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കേണ്ട സിലബസിനെ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് കൃത്യമായ ധാരണയുണ്ടെന്നും ശാഖയില്‍ പഠിപ്പിക്കേണ്ടത് സുരേന്ദ്രനും സംഘവും ശാഖയില്‍ പഠിപ്പിച്ചാല്‍ മതിയെന്നും എഐഎസ്എഫ് പ്രസ്താവനയിൽ പറഞ്ഞു.

വിദ്യാർഥി മനസ്സുകളിൽ ചരിത്രബോധം വികലമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ചരിത്ര പാഠപുസ്തകങ്ങളിൽ ഹിന്ദുത്വ ആശയങ്ങൾ തിരുകിക്കയറ്റി വിദ്യാർഥി മനസ്സുകളിൽ വർഗീയത പടർത്തുവാനുള്ള ആർഎസ്എസ് അജണ്ട കേരളത്തിൽ നടപ്പാക്കാമെന്ന് സുരേന്ദ്രനും ബിജെപിയും വ്യാമോഹിക്കേണ്ടെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, സെക്രട്ടറി എ.അധിൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

അതേ സമയം, സുരേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ധാരണയില്ലാത്തതിനാലാണ് ബിജെപി നേതാവ് ഇത്തരം അസംബന്ധ പ്രസ്താവനകള്‍ നടത്തുന്നതെന്നും പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിനാല്‍ മാത്രം കേന്ദ്ര സിലബസ് കേരളത്തില്‍ പഠിപ്പിക്കുമെന്ന് കരുതേണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു. കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ച്ചപ്പാടുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

Related Stories

No stories found.
Times Kerala
timeskerala.com