

മഞ്ചേശ്വരം(കാസര്‍കോട്): ഉപ്പള ഹിദായത്ത് നഗറില്‍ വീടിനുനേരേ വെടിവെപ്പ് നടന്ന സംഭവത്തില്‍ വഴിത്തിരിവ്. വീട്ടിലുണ്ടായിരുന്ന 14-കാരന്‍ തന്നെയാണ് വീടിന് നേരേ വെടിയുതിര്‍ത്തതെന്ന് പോലീസ് കണ്ടെത്തി. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് 14-കാരന്‍ യാഥാര്‍ഥ്യം വെളിപ്പെടുത്തിയത്. വെടിവെയ്ക്കാന്‍ ഉപയോഗിച്ച എയര്‍ഗണ്ണും പോലീസ് കസ്റ്റഡിയിലെടുത്തു. (Kasaragod Crime)
ശനിയാഴ്ച വൈകുന്നേരമാണ് ഹിദായത്ത് നഗറിലെ പ്രവാസിയുടെ വീടിന് നേരേ വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ വീടിന്റെ ബാല്‍ക്കണിയിലെ ചില്ല് തകര്‍ന്നിരുന്നു. സംഭവസമയം ഇദ്ദേഹത്തിന്റെ ഇളയമകനായ 14-കാരന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാവും മറ്റ് രണ്ടുമക്കളും വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തുപോയതായിരുന്നു.
മൊബൈല്‍ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കെ ശബ്ദം കേട്ടെന്നും പുറത്തേക്ക് നോക്കിയപ്പോള്‍ നാലംഗസംഘം കാറില്‍ കയറിപ്പോകുന്നത് കണ്ടെന്നുമായിരുന്നു 14-കാരന്റെ മൊഴി. തുടര്‍ന്ന് പോലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തി. ഇതിനുപിന്നാലെ 14-കാരനെ വിശദമായി ചോദ്യംചെയ്തതോടെയാണ് സംഭവത്തിന്റെ ദുരൂഹത നീങ്ങിയത്. വീട്ടില്‍ ആരുമില്ലാത്തസമയം വിദേശത്തുള്ള പിതാവ് സൂക്ഷിച്ചുവെച്ചിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് താന്‍ തന്നെ വെടിവെച്ചതാണെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞിട്ടുള്ളത്.