തിരുവനന്തപുരം: മരണാനന്തരവും മറ്റൊരാളിലൂടെ ജീവിക്കാനായി കൊല്ലം സ്വദേശി ഷിബു യാത്രയാകുമ്പോൾ, ആ ഹൃദയം തുടിക്കുക നേപ്പാൾ സ്വദേശിനിയായ ദുർഗയുടെ ജീവനായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബുവിന്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് തിരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നേപ്പാൾ സ്വദേശിനി ദുർഗയ്ക്കാണ് ഹൃദയം മാറ്റിവെക്കുന്നത്.(Air Ambulance departs for Kochi with Shibu's heart)
അപൂർവ ജനിതക രോഗമായ ഡാനൺ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു ദുർഗ. ഹൃദയം മാറ്റിവെക്കൽ മാത്രമായിരുന്നു ഏക പോംവഴി. എന്നാൽ വിദേശ പൗരയായതിനാൽ അവയവ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്നതുമായി ബന്ധപ്പെട്ട് വലിയ നിയമതടസ്സങ്ങൾ നേരിട്ടിരുന്നു. ദുർഗയുടെ ദയനീയാവസ്ഥ മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞതോടെയാണ് നിയമപോരാട്ടങ്ങൾക്കും തുടർനടപടികൾക്കും വേഗതയേറിയത്. ഒടുവിൽ കോടതി ഇടപെടലിലൂടെയാണ് അവയവമാറ്റത്തിനുള്ള വഴിതെളിഞ്ഞത്.
കൊച്ചി നഗരം എട്ടാം തവണയാണ് ഹൃദയമാറ്റ ശസ്ത്രക്രിയക്കായി ഒരു ഹൃദയത്തെ വരവേൽക്കുന്നത്. എയർ ആംബുലൻസ് ഇറങ്ങുന്ന ഇടത്തുനിന്നും ആശുപത്രിയിലേക്ക് ഹൃദയം എത്തിക്കാൻ പൊലീസും ട്രാഫിക് വിഭാഗവും ചേർന്ന് 'ഗ്രീൻ ചാനൽ' ഒരുക്കിയിട്ടുണ്ട്. സെക്കൻഡുകൾ പോലും പാഴാക്കാതെ ഹൃദയം എത്തിക്കാനുള്ള സന്നാഹങ്ങളാണ് നഗരത്തിൽ സജ്ജമാക്കിയിരിക്കുന്നത്.