
ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) കോഴിക്കോട് സ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽ വീണ്ടും കൊണ്ടുവന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
"ദീർഘകാലമായുള്ള കേരളത്തിന്റെ ആവശ്യമാണ് എയിംസ്. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന സർക്കാർ സ്ഥലം നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ തുടർനടപടികൾ വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു," മുഖ്യമന്ത്രി പറഞ്ഞു.
കിനാലൂരിലെ സ്ഥലം വീണ്ടും നിർദേശിച്ചു
കോഴിക്കോട് കിനാലൂരിൽ എയിംസിനായുള്ള സ്ഥലം സംസ്ഥാന സർക്കാർ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ നാല് സ്ഥലങ്ങൾ കേന്ദ്രത്തിന് മുന്നിൽ നിർദേശിച്ചിരുന്നെങ്കിലും, ഒരു സ്ഥലം മാത്രം നിർദേശിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കോഴിക്കോട് കിനാലൂരിലെ സ്ഥലം സംസ്ഥാന സർക്കാർ അന്തിമമായി നിർദേശിച്ചത്. കോഴിക്കോട് എയിംസ് സ്ഥാപിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
"എല്ലാ തവണയും പ്രധാനമന്ത്രിയെ കാണുമ്പോൾ ഈ വിഷയം അവതരിപ്പിക്കാറുണ്ട്. ഇത്തവണയും അദ്ദേഹത്തെ ഓർമ്മിപ്പിച്ചു," പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ആലപ്പുഴയിൽ എയിംസ് വേണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിരന്തരം ആവശ്യമുയർത്തുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ നേരത്തെ അറിയിച്ച പ്രകാരം കോഴിക്കോട് കിനാലൂരിലെ ആവശ്യം മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിയുടെ മുമ്പാകെ അവതരിപ്പിച്ചത്.