
തിരുവനന്തപുരം: എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സെബി മേധാവിക്കെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് രാജ്യത്തെ ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ് രംഗത്ത്. രാജ്യത്തുണ്ടായത് വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് എന്നാണ് അദ്ദേഹത്തിൻ്റെ വിമർശനം.
അദാനിയെ ഏറ്റവുമധികം ന്യായീകരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് പറഞ്ഞ അദ്ദേഹം, പുതിയ ആരോപണമുണ്ടായിരിക്കുന്നത് അദാനിക്കെതിരെ അന്വേഷണം നടത്താന്‍ ചുമതലപ്പെടുത്തിയ ആള്‍ക്കെതിരെയാണ് എന്നും കൂട്ടിച്ചേർത്തു. സുപ്രീംകോടതി പോലും അദാനി ഗ്രൂപ്പിന് ക്ലീൻചിറ്റ് നൽകിക്കൊണ്ടുള്ള സെബിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ ശരിവച്ചുവെന്ന് പറഞ്ഞ വേണുഗോപാൽ, സുപ്രീംകോടതിയെ പോലും ഇവർ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും പറയുകയുണ്ടായി.
ഈ വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ് എന്ന് പറഞ്ഞ അദ്ദേഹം, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ജെ പി സി അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള സമ്മര്‍ദം തുടരുമെന്നും വ്യക്തമാക്കി.