ആലപ്പുഴ : പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന മുൻ മന്ത്രി ജി. സുധാകരനു നേരെ ഒളിയമ്പുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. പ്രായപരിധിയുടെ പേരിൽ സ്ഥാനങ്ങളിൽ നിന്ന് ഒഴിവായാലും അതിന്റെ പേരിൽ പാർട്ടിയോട് അകലുകയല്ല വേണ്ടത്. നേതൃത്വത്തിൽ നിന്ന് ഒഴിയുന്നു എന്നെ ഉള്ളു. ഒഴിഞ്ഞവർ പാർട്ടി പ്രവർത്തനം തുടരണം.കേരള കർഷക തൊഴിലാളി യുണിയന്റെ തൊഴിലാളി മാസിക പുരസ്‌കാരംവേദിയിലാണ് പരാമർശം.
പ്രസംഗത്തിനിടെ ജി.സുധാകരന്റെ പേര് പരാമർശിക്കാതെ ആയിരുന്നു ബേബിയുടെ വിമർശനം.പ്രായത്തിന്റെ അടിസ്ഥാനത്തിൽ ചില സഖാക്കൾ ചില ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകുന്നു. നേതൃത്വത്തിൽ നിന്ന് ഒഴിയുന്നു എന്നെ ഉള്ളു. ഒഴിഞ്ഞവർ പാർട്ടി പ്രവർത്തനം തുടരണം. അതിന്റെ ഏറ്റവും മാതൃകാപരമായ ഉദാഹരണമാണ് സഖാവ് എസ്ആർപി. പാർട്ടിക്കാർക്കായി എസ്ആർപി ഏത് സമയത്തും ലഭ്യമാണ് എം എ ബേബി പറഞ്ഞു.
രാജ്യത്തിന്റെ കോശങ്ങളിൽ വർഗീയത വ്യാപിച്ചെന്നും ഫാഷിസ്റ്റ് ആർഎസ്എസിനെ ഭരണത്തിൽ നിന്നു മാത്രം തോൽപ്പിച്ചാൽ പോരാ. മറിച്ച് കാണാവുന്നതും അല്ലാത്തതുമായ എല്ലാ കോശങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്നും ബേബി പറഞ്ഞു.
ഉത്തർപ്രദേശ് ഉൾപ്പെടെ ഒട്ടേറെ സംസ്ഥാനങ്ങളിൽ ഫാഷിസ്റ്റ് ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപിയും സംഘപരിവാറും ഭരണഘടനയിലെ മതേതര റിപ്പബ്ലിക് എന്ന ഉള്ളടക്കം ചോർത്തിക്കളയുന്നു. ബ്രാഹ്മണ ചാതുർവർണ്യം പുതിയ രൂപത്തിൽ കൊണ്ടുവരാൻ ശ്രമം നടക്കുകയാണ്. വർഗീയതയെ ഇല്ലാതാക്കാൻ രാഷ്ട്രീയമായി മാത്രമല്ല, സാംസ്കാരികമായും നീങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.