പാലക്കാട്: നാടകീയ നീക്കങ്ങൾക്കൊടുവിൽ അട്ടപ്പാടി അഗളി പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു രാജിവെച്ചു. യുഡിഎഫ് അംഗമായി വിജയിച്ച ശേഷം എൽഡിഎഫ് പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ കടുത്ത സമ്മർദ്ദത്തിനും പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് രാജി.
പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെച്ചതിന് പിന്നാലെ താൻ എന്നും കോൺഗ്രസ് പ്രവർത്തകയായി തുടരുമെന്ന് മഞ്ജു പ്രതികരിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗങ്ങൾ തന്നെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്നും ഒരു കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ ആ പിന്തുണ സ്വീകരിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. കക്ഷി രാഷ്ട്രീയഭേദമില്ലാതെയാണ് തനിക്ക് വോട്ട് ലഭിച്ചതെന്നും പാർട്ടി വിപ്പ് ലഭിക്കാത്തതിനാലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതെന്നും നേരത്തെ മഞ്ജു പറഞ്ഞിരുന്നു.
അഗളി പഞ്ചായത്തിലെ 20-ാം വാർഡായ ചിന്നപറമ്പിൽ നിന്നുള്ള യുഡിഎഫ് അംഗമായ മഞ്ജു എൽഡിഎഫ് പക്ഷത്തേക്ക് നീങ്ങിയത് അട്ടപ്പാടിയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. സംഭവത്തിൽ സിറോ മലബാർ സഭ വൈദികൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
ജനാധിപത്യ മര്യാദകളെ തകിടം മറിക്കുന്ന നടപടിയാണ് നടന്നതെന്ന് ഫാദർ സേവ്യർ ഖാൻ വട്ടായിൽ പ്രതികരിച്ചു. മഞ്ജുവിനെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കാനും അയോഗ്യയാക്കാനുമായി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെയും ഹൈക്കോടതിയെയും സമീപിക്കാനിരിക്കുകയായിരുന്നു.
ഇന്ന് വൈകുന്നേരത്തിനകം തിരുത്തൽ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ നിയമപോരാട്ടത്തിലേക്ക് നീങ്ങുമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ മുന്നറിയിപ്പ് നൽകിയിരുന്നു. മഞ്ജുവിന്റെ രാജിയോടെ അഗളി പഞ്ചായത്തിൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുകയാണ്.