തൃശൂർ: മറ്റത്തൂർ പഞ്ചായത്തിന് പിന്നാലെ പാറളം പഞ്ചായത്തിലും ബിജെപി അധികാരം പിടിച്ചു. കോൺഗ്രസ് അംഗം മനഃപൂർവം വോട്ട് അസാധുവാക്കി ബിജെപിയെ സഹായിച്ചെന്നാണ് ഉയരുന്ന ആരോപണം. ഇതോടെ യുഡിഎഫ് ഭരണസാധ്യത നിലനിന്നിരുന്ന പഞ്ചായത്ത് എൻഡിഎയുടെ കയ്യിലെത്തി.(After Mattathur, BJP rules in Paralam, Congress member accused of invalidating vote)
യുഡിഎഫ്: 6, എൻഡിഎ: 6, എൽഡിഎഫ്: 5 എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിനും എൻഡിഎയ്ക്കും തുല്യ അംഗബലമുള്ള പഞ്ചായത്തിൽ കോൺഗ്രസിന്റെ വനിതാ നേതാവ് വോട്ട് അസാധുവാക്കിയതോടെയാണ് ബിജെപി സ്ഥാനാർത്ഥിക്ക് വിജയം എളുപ്പമായത്. വോട്ട് അസാധുവാക്കിയ വനിതാ അംഗത്തെയായിരുന്നു ആദ്യം യുഡിഎഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.
തിരഞ്ഞെടുപ്പ് സംബന്ധിച്ച് റിട്ടേണിംഗ് ഓഫീസർ കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടും അത് പാലിക്കാതെ വോട്ട് അസാധുവാക്കിയത് ബിജെപിയെ വിജയിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം ആരോപിച്ചു. ജില്ലയിലെ കോൺഗ്രസ്-ബിജെപി അന്തർധാരയുടെ മറ്റൊരു തെളിവാണ് പാറളത്തെ സംഭവമെന്നും ഇടതുമുന്നണി നേതാക്കൾ കുറ്റപ്പെടുത്തി.