തൃശൂർ: കൊച്ചി കോർപ്പറേഷനിലെ മേയർ തർക്കം പുകയുന്നതിനിടെ തൃശൂരിലും സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിൽ നാടകീയ നീക്കങ്ങൾ. റെക്കോർഡ് ഭൂരിപക്ഷത്തിൽ നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ട ലാലി ജെയിംസിനെ അവഗണിച്ച് ഡോ. നിജി ജസ്റ്റിനെ മേയറാക്കാനുള്ള നീക്കമാണ് തർക്കത്തിന് കാരണമായിരിക്കുന്നത്.(After Kochi, Thrissur also witnesses fight over the mayor post)
കോർപ്പറേഷനിലെ ഏറ്റവും മുതിർന്ന അംഗങ്ങളിൽ ഒരാളായ ലാലി ജെയിംസിന് വേണ്ടി ഭൂരിഭാഗം കൗൺസിലർമാരും രംഗത്തുണ്ട്. റെക്കോർഡ് വിജയം കൈവരിച്ച ലാലിയെ തഴയുന്നത് നീതിയല്ലെന്നാണ് ഇവരുടെ പക്ഷം. വിഷയം പാർലമെന്ററി പാർട്ടി യോഗത്തിൽ വോട്ടിനിട്ട് തീരുമാനിക്കണമെന്നും ഇവർ സമ്മർദ്ദം ചെലുത്തുന്നു.
എന്നാൽ ഡോ. നിജി ജസ്റ്റിനെ മേയറാക്കണമെന്ന കർക്കശ നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. നിജിക്കായി കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ടതായാണ് സൂചന. ഇക്കാര്യത്തിൽ ഒരു നീക്കുപോക്കിനും തയ്യാറല്ലെന്ന് ജില്ലാ നേതൃത്വവും വ്യക്തമാക്കുന്നു.
അതേസമയം, കൊച്ചിയിൽ ദീപ്തി മേരി വർഗീസിന് മേയർ സ്ഥാനം നിഷേധിച്ചതിനെതിരെയുള്ള പ്രതിഷേധം എറണാകുളം ഡിസിസിയിൽ ഇപ്പോഴും പുകയുകയാണ്. ഒരു വിഭാഗം നേതാക്കൾ പരസ്യമായി തന്നെ രംഗത്തെത്തിയത് നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്.