കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ വിചാരണ കോടതി തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ രാഹുൽ ഈശ്വറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രതികരണം. രാഹുൽ ഈശ്വറിന്റെ ഭാര്യ ദീപയാണ്, ദിലീപുമൊത്തുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പ്രതികരണം രേഖപ്പെടുത്തിയത്.(After Dileep's acquittal, Rahul Easwar's wife posts on his page)
"സത്യമേവ ജയതേ" എന്ന കുറിപ്പോടെ ദിലീപും രാഹുൽ ഈശ്വറും ഒന്നിച്ചുള്ള ഫോട്ടോയാണ് പേജിൽ പങ്കുവെച്ചത്. കേസിന്റെ വിധി വരുമ്പോൾ ദിലീപിന് വേണ്ടി ചാനൽ ചർച്ചകളിൽ താനുണ്ടാകുമെന്ന് രാഹുൽ ഈശ്വർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിൽ അദ്ദേഹം ജയിലിലാണ്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിലെ പരാതിക്കാരിയെ സമൂഹ മാധ്യമത്തിൽ അപമാനിച്ച കേസിൽ അറസ്റ്റിലായതിനെത്തുടർന്നാണ് രാഹുൽ ഈശ്വർ ജയിലിൽ കഴിയുന്നത്. ഇദ്ദേഹം ജയിലിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചിരുന്നു. കേസിൽ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും, തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.