മലപ്പുറം: നിലമ്പൂർ വഴിക്കടവ് മരുത വനമേഖലയിൽ കാട്ടുപന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതോടെ, രോഗവ്യാപനം തടയുന്നതിനുള്ള കർശന മുൻകരുതലുകളുമായി വനംവകുപ്പ് രംഗത്തെത്തി.(African swine fever confirmed in Marutha forest, precautionary measures by Forest Department)
ഒക്ടോബർ ആദ്യ ആഴ്ചയിലാണ് മരുത വനത്തിൽ കാട്ടുപന്നികളെ കൂട്ടമായി ചത്തനിലയിൽ കണ്ടെത്തിയത്. സംശയം തോന്നിയതിനെ തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ നിന്നാണ് രോഗം സ്ഥിരീകരിച്ചത്.
കാട്ടുപന്നികളുടെ ജഡം കണ്ടെത്തിയാൽ ശാസ്ത്രീയമായി മാത്രം സംസ്കരിക്കാൻ വനംവകുപ്പ് ജീവനക്കാർക്ക് പരിശീലനം തുടങ്ങി. പ്രദേശത്തെ പന്നിഫാമുകളിൽ നിരീക്ഷണം ശക്തമാക്കാൻ വനംവകുപ്പ് മൃഗസംരക്ഷണ വകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്.
ആഫ്രിക്കൻ പന്നിപ്പനി മനുഷ്യരിലേക്കോ, മറ്റ് മൃഗങ്ങളിലേക്കോ പടരാൻ സാധ്യതയില്ല. എന്നാൽ, വളർത്തുപന്നികളിലേക്ക് രോഗമെത്തിയാൽ അത് സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കും.
പന്നിഫാമുകളിലേക്ക് രോഗമെത്തിയാൽ ചുരുങ്ങിയത് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപന്നികളെ മുഴുവൻ നശിപ്പിക്കേണ്ടിവരും. രോഗവ്യാപനം തടയാൻ വനമേഖലയോട് ചേർന്നുള്ള ഫാമുകളിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ-വനംവകുപ്പുകൾ സംയുക്തമായി അറിയിച്ചു.