തിരുവനന്തപുരം : അതിജീവിതയ്ക്കെതിരായ അടൂർ പ്രകാശിന്റെ നിലപാടിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കോലം കത്തിച്ച് പ്രതിഷേധം. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റിന് മുന്നിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത്. അടൂർ പ്രകാശിന്റെ കോലം യുവാക്കൾ കത്തിച്ചു. അതിജീവിതകളെ അപമാനിക്കുന്ന അടൂർ പ്രകാശ് കേരളത്തിന് നാണക്കേടാണെന്നും രാഷ്ട്രീയ മാലിന്യമായി യുഡിഎഫ് കൺവീനർ മാറിയെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ അതിജീവിതയെ അപമാനിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയത്. ഇതിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ നിന്നടക്കം വലിയ വിമർശനമാണ് ഉയർന്നത്.