

അടൂർ: എം.സി റോഡിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് മുൻപേ പോയ പോലീസ് ജീപ്പിന് പിന്നിലിടിച്ച് അപകടം. രണ്ട് ബസുകൾക്കിടയിൽപ്പെട്ട ജീപ്പ് പൂർണ്ണമായും തകർന്നു. അപകടത്തിൽ കോയിപ്രം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഉൾപ്പെടെ മൂന്ന് പോലീസുകാർക്കും ജീപ്പിലുണ്ടായിരുന്ന രണ്ട് പ്രതികൾക്കും പരിക്കേറ്റു.
കോയിപ്രം സ്റ്റേഷനിൽ നിന്നും രണ്ട് പ്രതികളുമായി കൊട്ടാരക്കര ജയിലിലേക്ക് പോകുകയായിരുന്നു പോലീസ് സംഘം. അടൂരിൽ വെച്ച് പിന്നാലെ വന്ന കെ.എസ്.ആർ.ടി.സി ബസ് ജീപ്പിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ജീപ്പ് തൊട്ടുമുന്നിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിലും പോയി ഇടിച്ചു.
രണ്ട് ബസുകൾക്കും ഇടയിൽപ്പെട്ട പോലീസ് വാഹനത്തിന്റെ മുൻഭാഗവും പിൻഭാഗവും പൂർണ്ണമായി തകർന്നു. കോയിപ്രം സ്റ്റേഷനിലെ എ.എസ്.ഐ ഷിബുരാജിന്റെ കൈ ഒടിഞ്ഞു. ഇദ്ദേഹത്തെ നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ പോലീസുകാരായ മുഹമ്മദ് റസാഖ്, സുജിത്, രണ്ട് പ്രതികൾ എന്നിവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെത്തുടർന്ന് എം.സി റോഡിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തകർന്ന വാഹനം റോഡിൽ നിന്നും മാറ്റിയത്. അപകടമുണ്ടാക്കിയ കെ.എസ്.ആർ.ടി.സി ബസിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസിന്റെ ബ്രേക്ക് തകരാറാണോ അതോ അശ്രദ്ധയാണോ അപകടകാരണമെന്ന് പരിശോധിച്ചുവരികയാണ്.