

പത്തനംതിട്ട: കണ്ണൂർ മുൻ എ.ഡി.എം. നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട്, അദ്ദേഹത്തിൻ്റെ കുടുംബം 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി ഫയൽ ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.പി. ദിവ്യ, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച ടി.വി. പ്രശാന്തൻ എന്നിവർക്കെതിരെയാണ് കുടുംബം പത്തനംതിട്ട സബ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
നവീൻ ബാബുവിനെ അഴിമതിക്കാരനെന്ന് തെറ്റായി പൊതുസമൂഹത്തിന് മുന്നിൽ ചിത്രീകരിച്ചു. മരണശേഷവും പ്രശാന്തൻ പലതവണ ഈ ആരോപണം ആവർത്തിച്ചു. ദിവ്യയുടെ അധിക്ഷേപ പ്രസംഗമാണ് നവീൻ ബാബുവിൻ്റെ ജീവനെടുത്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഹർജി ഫയലിൽ സ്വീകരിച്ച പത്തനംതിട്ട സബ് കോടതി, പി.പി. ദിവ്യയ്ക്കും ടി.വി. പ്രശാന്തനും കോടതി നോട്ടീസ് അയച്ചു. ഹർജി അടുത്ത മാസം നവംബർ 11-ന് വീണ്ടും പരിഗണിക്കും.
2024 ഒക്ടോബർ 15-നാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
2024 ഒക്ടോബർ 14-ന് വൈകീട്ട് റവന്യു ഉദ്യോഗസ്ഥർ സ്ഥലംമാറി പോകുന്ന നവീൻ ബാബുവിന് നൽകിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണമില്ലാതെ എത്തിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ അധിക്ഷേപ പ്രസംഗം നടത്തിയത്.യാത്രയയപ്പ് യോഗത്തിലെ അധിക്ഷേപ പരാമർശം വ്യാപകമായതിനെ തുടർന്ന്, സി.പി.എം. നേതാവ് കൂടിയായ പി.പി. ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പോലീസ് കേസെടുത്തു.സമ്മർദ്ദത്തെത്തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് ദിവ്യ രാജിവെക്കുകയും ചെയ്തിരുന്നു.