അദിതി കൊലക്കേസ്: പട്ടിണിക്കിട്ടും മർദിച്ചും 6 വയസുകാരിയെ കൊലപ്പെടുത്തിയ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം വിധിച്ച് ഹൈക്കോടതി | Aditi murder

2 ലക്ഷം രൂപ പിഴയും വിധിച്ചു
Aditi murder case, High Court sentences father and stepmother to life imprisonment
Published on

കൊച്ചി: കോഴിക്കോട് 6 വയസ്സുകാരി അദിതി എസ്. നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതിയും കുട്ടിയുടെ അച്ഛനുമായ സുബ്രഹ്‌മണ്യൻ നമ്പൂതിരിക്കും രണ്ടാംപ്രതിയും രണ്ടാനമ്മയുമായ ദേവിക അന്തർജനത്തിനും ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇരുവരുടേയും മേൽ ഹൈക്കോടതി കൊലക്കുറ്റം (IPC 302) ചുമത്തുകയായിരുന്നു. 2 ലക്ഷം രൂപ പിഴയും വിധിച്ചു.(Aditi murder case, High Court sentences father and stepmother to life imprisonment)

പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ കണ്ടെത്തൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്.

വിചാരണക്കോടതി പ്രതികളെ യഥാക്രമം മൂന്നും രണ്ടും വർഷം കഠിനതടവിനായിരുന്നു ശിക്ഷിച്ചിരുന്നത്. സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. പെൺകുട്ടിയുടെ പത്തുവയസ്സുകാരനായ സഹോദരൻ്റെ സാക്ഷിമൊഴി ഉൾപ്പെടെ പരിഗണിക്കുമ്പോൾ കൊലപാതകക്കുറ്റത്തിന് മതിയായ തെളിവുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി.

കുട്ടിയെ വധിക്കണമെന്ന ലക്ഷ്യം പ്രതികൾക്ക് ഇല്ലായിരുന്നുവെന്ന വിചാരണക്കോടതിയുടെ വിലയിരുത്തൽ തെറ്റാണ്. മെഡിക്കൽ തെളിവുകൾ വിചാരണക്കോടതി കണക്കിലെടുത്തില്ല. പ്രതിഭാഗത്തിൻ്റെ വാദത്തിനാണ് കോടതി മുൻതൂക്കം നൽകിയത്.

പ്രതികൾക്ക് പൊതുവായ ലക്ഷ്യം ഉണ്ടായിരുന്നു. തെളിവുകൾ വിലയിരുത്തിയതിൽ വിചാരണക്കോടതിക്ക് വീഴ്ചപറ്റി. വിചാരണക്കോടതിയുടെ കണ്ടെത്തൽ ശരിവെച്ചാൽ നീതിയുടെ നിഷേധമാകുമെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.

ചുഴലി കാരണമാണ് കുട്ടി മരിച്ചതെന്ന പ്രതികളുടെ വാദം തള്ളി. കുട്ടിയുടെ മരണത്തിൻ്റെ കാരണത്തെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ പ്രതികൾക്ക് കഴിഞ്ഞിട്ടില്ല.

തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെ മകളാണ് അദിതി. 2013 ഏപ്രിൽ 29-നാണ് കുട്ടി മരിച്ചത്. ആദ്യ ഭാര്യ റോഡപകടത്തിൽ മരിച്ച ശേഷമാണ് 2011-ൽ സുബ്രഹ്‌മണ്യൻ ദേവിക അന്തർജനത്തെ വിവാഹം കഴിച്ചത്.

കുട്ടികളെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ഇരുവരും ചേർന്ന് ഭക്ഷണം നിഷേധിക്കുകയും അടിക്കുകയും തൊഴിക്കുകയും കഠിനമായി ജോലിയെടുപ്പിക്കുകയും ചെയ്തിരുന്നു. അദിതിയുടെ സ്വകാര്യഭാഗങ്ങളിൽ ചൂടുവെള്ളം ഒഴിക്കുകയും ചികിത്സ നിഷേധിക്കുകയും ചെയ്തു. ഇതിൻ്റെയെല്ലാം തുടർച്ചയായിട്ടാണ് 2013-ൽ കുട്ടി മരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com