കോഴിക്കോട്: അച്ഛനും രണ്ടാനമ്മയും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തിയ ആറുവയസ്സുകാരി അദിതി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത. കുട്ടിയുടെ ശരീരത്തിൽ 60-ൽ അധികം മുറിവുകളുടെ പാടുകളാണുണ്ടായിരുന്നത്. ഈ കേസിൽ പ്രതികളായ സുബ്രഹ്മണ്യൻ നമ്പൂതിരി (അച്ഛൻ), റംല ബീഗം (രണ്ടാനമ്മ) എന്നിവർക്ക് ഹൈക്കോടതി ഇന്നലെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.(Aditi Murder case, girl child has suffered extreme cruelty)
പ്രതികൾ രണ്ട് ലക്ഷം രൂപ വീതം പിഴ ഒടുക്കണമെന്നും ജസ്റ്റിസുമാരായ വി. രാജാവിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു.
ഈ കേസിലെ സാക്ഷി മൊഴികൾ അനുകൂലമായിട്ടും വിചാരണക്കോടതി പ്രതികൾക്ക് കൊലക്കുറ്റം ചുമത്തിയിരുന്നില്ലെന്ന് വിചാരണക്കോടതിയിൽ ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ ഷിബു ജോർജ് പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ദിവസങ്ങളോളം കുഞ്ഞിനെ പട്ടിണിക്കിട്ടെന്ന് കണ്ടെത്തിയിരുന്നു.
ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. കുട്ടിയുടെ സഹോദരനും മുത്തശ്ശിയും ഉൾപ്പെടെയുള്ളവർ കൃത്യമായി സാക്ഷി മൊഴി നൽകിയിരുന്നു. എന്നാൽ, കൊലപാതകക്കുറ്റം (IPC 302) ഒഴിവാക്കിക്കൊണ്ടുള്ള വിചാരണക്കോടതിയുടെ നടപടിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഇപ്പോൾ ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2013 ഏപ്രിൽ 29-നാണ് അതിക്രൂരമായ ഈ കൊലപാതകം നടന്നത്. ശാരീരികമായി പീഡിപ്പിച്ചും ദിവസങ്ങളോളം പട്ടിണിക്കിട്ടുമാണ് ആറ് വയസ്സുകാരിയായ അതിഥിയെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. ഒന്നാം പ്രതിയായ സുബ്രഹ്മണ്യൻ നമ്പൂതിരി പാലക്കാട്ടെ ഒരു ക്ഷേത്രത്തിലെ പൂജാരിയായിരുന്നു.