ഇടുക്കി: കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സന്ധ്യയുടെ ഇടത് കാൽ മുറിച്ചുമാറ്റി. കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കാണാതെ വന്നതോടെയാണ് ഈ നിർണ്ണായക തീരുമാനമെടുത്തത്.(Adimali landslide victim Sandhya's left leg amputated)
ശനിയാഴ്ച രാത്രി പത്തരയോടെയാണ് കൂമ്പൻപാറയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിഞ്ഞതിനെ തുടർന്ന് കോൺക്രീറ്റ് മേൽക്കൂര ഇവർക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. ആറ് മണിക്കൂറോളം നീണ്ട കഠിനമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് സന്ധ്യയെയും ഭർത്താവ് ബിജുവിനെയും പുറത്തെത്തിച്ചത്.
ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. സന്ധ്യയെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അപകടത്തിൽ സന്ധ്യയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കാൽമുട്ടിന് താഴോട്ടുള്ള എല്ലുകളും രക്തക്കുഴലുകളും പൂർണ്ണമായും ചതഞ്ഞരഞ്ഞതായി രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചികിത്സയ്ക്കിടെ കാൽ മുറിച്ചുമാറ്റേണ്ടി വന്നത്.